ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകും: പാകിസ്താനോട് അമേരിക്ക

single-img
28 February 2019

ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കരുതെന്ന യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശം പാലിക്കാന്‍ തയ്യാറാകണമെന്ന് പാകിസ്താനോട് അമേരിക്ക. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ബുധനാഴ്ച പാകിസ്താനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്. പാകിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുത്. ഭീകരര്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം.

ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചു.
അതിര്‍ത്തി കടന്നുള്ള എല്ലാത്തരം സൈനിക നീക്കവും ഇന്ത്യയും പാകിസ്ഥാനും ഉടന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ രണ്ട് രാജ്യങ്ങളും ഉടന്‍ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.