യു.എ.ഇ.യില്‍നിന്നുള്ള വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു

single-img
28 February 2019

യു.എ.ഇ. യില്‍നിന്ന് പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പാകിസ്താനിലെ വിമാനത്താവളങ്ങള്‍ പലതും അടച്ചതിനാലാണിത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വിമാനസര്‍വീസുകള്‍ നടത്തില്ലെന്നും യു.എ.ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചത്. ഇതേത്തുടര്‍ന്ന് ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളില്‍ പാകിസ്താനിലേക്കുള്ള ഒട്ടേറെ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളും പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി വെച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് ഗള്‍ഫ് നാടുകളിലെ പ്രധാന വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ സമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍മന്ത്രി മുഖ്യാതിഥിയായി എത്തുന്നതിനാലാണ് പിന്മാറ്റമെന്ന് പാകിസ്താന്‍ വ്യക്തമാക്കി.