ഇന്ത്യ പാക്ക് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നുവെന്ന സൂചനയുമായി ഡോണള്‍ഡ് ട്രംപ്

single-img
28 February 2019

ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്‌നത്തില്‍ ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ്. വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അതിന്റെ അവസാനത്തേക്ക് എത്തുന്നുവെന്നാണു പ്രതീക്ഷിക്കുന്നത്. ദശാബ്ദങ്ങളായി ഇവ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

വിയറ്റ്‌നാമില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് യുഎസും ചൈനയുമടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. അടുത്തുതന്നെ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം, പാകിസ്താന്റെ അധീനതയിലുള്ള വ്യോമസേനവൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. സ്ഥാനപതി തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ, അഭിനന്ദന്‍ വര്‍ധമനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ വൈകാതെ തീരുമാനം എടുക്കുമെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കരവ്യോമനാവിക സേനകളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് അഞ്ചു മണിക്ക് നടക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതില്‍ പങ്കെടുക്കും. വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.