കുട്ടികള്‍ക്ക് ഇനി ടിക് ടോക്ക് ഉപയോഗിക്കാനാവില്ല

single-img
28 February 2019

പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും, അഭിപ്രായം പറയുന്നതിനും, പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല.

കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ടിക്ക് ടോക്കിനെതിരെ അമേരിക്ക പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചതിന്റെ പേരില്‍ 40 കോടിയിലധികം രൂപയാണ് ടിക് ടോക്ക് പിഴയടച്ചത്. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണ് കോപ്പ. ടിക് ടോക്കില്‍ അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, പേര് വിവരങ്ങള്‍, ഫോട്ടോ എന്നിവ നല്‍കേണ്ടതുണ്ട്.

എന്നാല്‍ രക്ഷിതാക്കളുടെ അനുവാദമില്ലാതെയാണ് ഭൂരിഭാഗം കുട്ടികളും അക്കൗണ്ട് ആരംഭിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജോ സൈമണ്‍ പറഞ്ഞു. കോപ്പ നിയമം വളരെ ഗൗരവതരമായി എടുക്കണമെന്നും അല്ലാത്തപക്ഷം അത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ചമുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. 13 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വയസ് തെളിയിക്കുന്ന അംഗീകൃത രേഖകള്‍ ടിക് ടോക്ക് ആവശ്യപ്പെട്ടേക്കാം. അതേസമയം ഈ നിയന്ത്രണം ആഗോളതലത്തില്‍ കൊണ്ടുവരുേമാ എന്ന് വ്യക്തമല്ല.