‘നിങ്ങളെന്താ ഇതുവരെ ഉറങ്ങുകയായിരുന്നോ’?: മോദിസര്‍ക്കാറിനോട് സുപ്രീം കോടതി

single-img
28 February 2019

രാജ്യത്ത് 11 ലക്ഷത്തിലേറെ ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്.

‘കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?’ എന്നാണ് കോടതി കേന്ദ്രസര്‍ക്കാറിനോടു ചോദിച്ചത്. ‘ഇതൊരു മാനുഷിക പ്രശ്‌നമാണ്. വനസംരക്ഷണവും വനത്തില്‍ ജീവിക്കുന്ന ആദിവാസികളെയും ലോകം ഒരുപോലെ കൊണ്ടുപോയിട്ടുണ്ട്.’ എന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.

പരമ്പരാഗത വനഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്‌തെന്നും ഏത് അതോറിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ 16 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. വിഷയം ജൂലൈ 10ന് കോടതി വീണ്ടും പരിഗണിക്കും.

അതിനുള്ളില്‍ മറുപടി നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അനര്‍ഹരെന്നു കണ്ടെത്തിയവര്‍ ഭൂമികയ്യേറ്റം തുടരുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 13ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറും ഗുജറാത്ത് സര്‍ക്കാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നേരത്തെ, രാജ്യത്ത് 11 ലക്ഷത്തിലേറെ ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വനാവകാശനിയമം അട്ടിമറിക്കുന്ന നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമെന്നും സി.കെ ജാനു അടക്കമുള്ള ആദിവാസി നേതാക്കള്‍ പറഞ്ഞിരുന്നു.

വനമേഖലയില്‍ നിന്ന് 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വനാവകാശ നിയമ പരിരക്ഷ കിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെയാണ് ഒഴിപ്പിക്കേണ്ടത്. കേരളത്തില്‍ 894 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. വനാവകാശ നിയമം ചോദ്യംചെയ്തുള്ള ഈ ഹര്‍ജിയെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല.

2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബനാര്‍ജി എന്നിവരുടെ ബഞ്ചാണ് നിര്‍ണ്ണായക ഉത്തരവിട്ടത്. വനാവകാശ നിയമ പ്രകാരം വനഭൂമിക്ക് അര്‍ഹത ഇല്ലാത്ത ആദിവാസികളെ ഒഴിപ്പിക്കണം.

കേരളത്തില്‍ വനാവകാശ നിയമ സംരക്ഷണം തേടി സമര്‍പ്പിച്ച 39999 അപേക്ഷകളില്‍ സര്‍ക്കാര്‍ നിരസിച്ചത് 894 പേരെയാണ്. ഇവരെയാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കേണ്ടി വരിക. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ ഈ കണക്ക് വ്യക്തമാക്കിയത്. അപേക്ഷ നിരസിച്ചവരെ എന്തുകൊണ്ട് വനത്തില്‍ നിന്ന് ഒഴിപ്പിച്ചില്ല എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങി ആകെ 16 സംസ്ഥാനങ്ങള്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലായി ആകെ 11,27,446 കുടുംബങ്ങള്‍ വനാവകാശ നിയമപ്രകാരം വനത്തില്‍ താമസിക്കാന്‍ യോഗ്യരല്ല എന്നാണ് കണക്ക്. ഇവരെയെല്ലാം ഒഴിപ്പിക്കാനാണ് കോടതി ഉത്തരവ്.

ഇതിനകം കണക്ക് സമര്‍പ്പിക്കാത്ത മറ്റു സംസ്ഥാനങ്ങളും ജുലൈ 27ന് മുമ്പ് ഉത്തരവ് നടപ്പാക്കണം. ഈ മാസം 13 ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിലവിലെ വനാവകാശ നിയമത്തില്‍ ഭേദഗതി വേണമെന്ന നിലപാടാണ് മോദി സര്‍ക്കാരിനുള്ളത്.