സൗദിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം

single-img
28 February 2019

സൗദി അറേബ്യയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. പാസ്‌പോര്‍ട്ട് എടുക്കുന്നതും പുതുക്കുന്നതും ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുകയെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള സംവിധാനം അനുസരിച്ച് അപേക്ഷ സ്വീകരിക്കുന്നത് വ്യാഴാഴ്ചയോടെ അവസാനിപ്പിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

സൗദിയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ https://embassy.passportindia.gov.in/വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താല്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ലഭിക്കും. ഇതുവച്ച് ലോഗിന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.

പാസ്‌പോര്‍ട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷയ്ക്കു പുറമെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സറണ്ടര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഓണ്‍ലൈനില്‍ സൗകര്യമുണ്ട്.

അതാത് സേവനങ്ങള്‍ക്കുള്ള പ്രത്യേകം അപേക്ഷാ ഫോറങ്ങളില്‍ ടൈപ്പ് ചെയ്ത് ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റെടുത്ത് ഫോട്ടോ പതിച്ച ശേഷം വിഎഫ്എസ് ഓഫിസര്‍ മുന്‍പാകെ എത്തിയാണ് ബന്ധപ്പെട്ട കോളത്തില്‍ ഒപ്പിടേണ്ടത്. മതിയായ രേഖകളും ഫീസും സഹിതം വിഎഫ്എസില്‍ സമര്‍പ്പിച്ചാല്‍ നിശ്ചിത ദിവസത്തിനകം സേവനം പൂര്‍ത്തീകരിച്ച് തിരികെ ലഭിക്കും.