അഭിനന്ദന് മുന്‍പ് മറ്റൊരു ഇന്ത്യന്‍ പൈലറ്റും പാക് കസ്റ്റഡിയില്‍ അകപ്പെട്ടിരുന്നു; അന്നവര്‍ ചെയ്തത്

single-img
28 February 2019

ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സൈനികനെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കി ഇന്ത്യ. നയതന്ത്രതലത്തില്‍ ഇതിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. അഭിനന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്റെ കുടുംബവും രംഗത്തെത്തി. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.

അതേസമയം പാക് പിടിയിലാകുന്ന ആദ്യത്തെ വ്യോമസേനാ പൈലറ്റല്ല അഭിനന്ദന്‍. 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസുകാരനായ കെ.നചികേതയെ പാക്കിസ്ഥാന്‍ പിടികൂടിയിരുന്നു. യന്ത്രത്തകാരിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ നചികേത നിര്‍ബന്ധിതനാകുകയായിരുന്നു. വിമാനം നിലത്തിറക്കിയതോടെ നചികേതയെ പാക് സൈന്യം വളഞ്ഞു.

നയതന്ത്ര നീക്കത്തിനൊടുവിലാണ് നചികേതയെ നാട്ടില്‍ തിരിച്ചെത്തിച്ചത്. പാക് സൈന്യത്തിന്റെ പിടിയിലായ പൈലറ്റിനെ മോചിപ്പിക്കാനായി നയതന്ത്രനീക്കം നടത്താനുളള ചുമതല ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ജി പാര്‍ത്ഥസാരഥിക്കായിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 1999 ല്‍ നടത്തിയ നയതന്ത്ര നീക്കത്തെ കുറിച്ച് പാര്‍ത്ഥസാരഥി തുറന്നു പറഞ്ഞത്.

പിടിയിലാകുന്ന സൈനികരെ അപമാനിക്കുകയെന്നത് പാക്കിസ്ഥാന്റെ രീതിയാണ്. ‘നിങ്ങളുടെ പൈലറ്റിനെ പിടികൂടിയിട്ടുണ്ടെന്നും വേഗം ഇവിടെയെത്തി കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും എനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചു. പൈലറ്റിന്റെ മോചനം പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ആ ഫോണ്‍ കോളിന്റെ കാതല്‍. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പരിഹസിക്കുന്നത് കാണാന്‍ താല്‍പര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ഫോണ്‍ ചെയ്ത ആളോട് താന്‍ വ്യക്തമാക്കിയെന്നും പാര്‍ത്ഥസാരഥി പറയുന്നു.

തന്റെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു. ജനീവ ഉടമ്പടി അനുസരിച്ച് യുദ്ധ സമയത്ത് പാലിക്കേണ്ട മനുഷ്യത്വപരമായ നടപടികളെക്കുറിച്ച് ഞാന്‍ അവരെ ഓര്‍മ്മിപ്പിപ്പിച്ചു.അന്ന് വൈകീട്ട് തന്നെ പൈലറ്റിനെ അവര്‍ ഇന്ത്യയ്ക്ക് കൈമാറി. പിറ്റേന്നു രാവിലെ വാഗാ അതിര്‍ത്തി വഴിയാണ് പൈലറ്റുമായി താന്‍ ഇന്ത്യയിലെത്തിയതെന്നും പാര്‍ത്ഥസാരഥി പറഞ്ഞു.