അതിര്‍ത്തി പുകയുമ്പോഴും രാഷ്ട്രീയ പരിപാടികള്‍ മാറ്റാതെ മോദി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും റാലിയും മാറ്റിവെച്ചു

single-img
28 February 2019

രാജ്യസുരക്ഷയെ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. സാഹചര്യത്തിന്റെ ഗൗരവം പ്രധാനമന്ത്രി കാണുന്നില്ല. നിലവില്‍ പ്രധാനമന്ത്രി മറ്റ് പരിപാടികള്‍ റദ്ദാക്കുകയാണ് ചെയ്യേണ്ടത്. സര്‍വകക്ഷിയോഗം വിളിക്കാന്‍ അദ്ദേഹം തയാറാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും തെരഞ്ഞെടുപ്പ് റാലിയും ഗുജറാത്തില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവം മുന്നില്‍ കണ്ട് പാര്‍ട്ടി യോഗവും റാലിയും മാറ്റിവെച്ചു. മോദി ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസിന് നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യമെമ്പാടുമുള്ള 1 കോടി ബി.ജെ.പി പ്രവര്‍ത്തകരുമായി മുന്‍ നിശ്ചയിച്ച പ്രകാരം സംവദിക്കും. ‘ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ്’ എന്ന അവകാശവാദത്തോടെ ബി.ജെ.പി നടത്തുന്ന പരിപാടി ഇന്ന് ഉച്ചയ്ക്കാണ് ആരംഭിക്കുക. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളൊന്നും തന്നെ മാറ്റിയിട്ടില്ല.