ആകെ ഡിപ്രസ്ഡ് ആണോ? എങ്കില്‍ ഭക്ഷണത്തില്‍നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കൂ: വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിങ്ങളെ മാനസികരോഗിയാക്കും

single-img
28 February 2019

ജങ്ക് ഫുഡ് ഉപയോഗം പ്രായമോ ലിംഗ, വര്‍ണ വ്യത്യാസങ്ങളോ ഇല്ലാതെ ആര്‍ക്കും മാനസികപ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുമെന്നു പഠനം. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഫൂഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2005 നും 2015 നും ഇടയില്‍ 2,40,000 പേര്‍ പങ്കെടുത്ത െടലിഫോണ്‍ സര്‍വേ അപഗ്രഥിച്ചാണ് പഠനം നടത്തിയത്. മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാര്‍ ഡിസോര്‍ഡറിനു കാരണമാകുമെന്നും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

‘മാനസികാരോഗ്യം ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കും.’ പഠനത്തിനു നേതൃത്വം നല്‍കിയ കലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ സര്‍വകലാശാലയിലെ ഗവേഷകനായ ജിം ഇബാന്റ് പറയുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. മാനസികരോഗമുള്ള വ്യക്തികളില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരിലും പൊണ്ണത്തടിയുള്ളവരിലും ഭക്ഷണശീലത്തില്‍ മാറ്റം കൊണ്ടു വരേണ്ടത് ആവശ്യമാണ്.