സ്ഥിതി വഷളായാല്‍ കാര്യങ്ങള്‍ എന്റേയോ മോദിയുടേയോ കൈയ്യില്‍ നില്‍ക്കില്ല: ഇമ്രാന്‍ ഖാന്‍

single-img
28 February 2019

ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഉടനടി തിരിച്ചടിച്ചില്ലെന്നും, രണ്ടു ഭാഗത്തും ദുരന്തം വിതയ്ക്കുന്നത് നിരുത്തവാദിത്തപരമാണെന്നും പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഇവിടെ വരാമെങ്കില്‍ ഞങ്ങള്‍ക്ക് അവിടെയും വരാം എന്ന സന്ദേശം കൈമാറണമെന്ന് മാത്രമായിരുന്നു പാകിസ്ഥാന്‍ നടപടിയുടെ ഉദ്ദേശ്യം എന്നും ഇമ്രാന്‍ പറഞ്ഞതായി പാകിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.

എല്ലാം യുദ്ധങ്ങളും തെറ്റായ കണക്കുകൂട്ടലുകളാണെന്നും, ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടു രാജ്യങ്ങളുടെ ഇത്തരം തെറ്റായ കണക്കുകൂട്ടലുകളുടെ പരിണിത ഫലം തനിക്കോ നരേന്ദ്ര മോദിക്കോ താങ്ങാന്‍ കഴിയില്ലെന്നും ഇമ്രാന്‍ പറഞ്ഞു. തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇത്തരം കാര്യങ്ങള്‍ മെച്ചപ്പെട്ട ബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ഇമ്രാന്‍ പറഞ്ഞു.