സ്റ്റമ്പിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ നിന്ന നില്‍പില്‍ ധോണിയുടെ കാലുകള്‍ വിടര്‍ന്നത് 2.14 മീറ്റര്‍

single-img
28 February 2019

സ്റ്റമ്പിങ്ങില്‍നിന്നു രക്ഷപ്പെടാനായി ഇരുകാലുകളും വശങ്ങളിലേക്ക് വിടര്‍ത്തി നിന്ന ധോണിയുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ തംരഗമാകുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20യ്ക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ധോണിയുടെ മിന്നും പ്രകടനം ആരാധരെ ആവേശത്തിലാഴ്ത്തിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 11–ാം ഓവറിലാണ് സംഭവം. ആം സാപയുടെ ഓവറില്‍ ധോണി കയറിക്കളിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ട ബൗളര്‍ രണ്ടാം പന്ത് എറിഞ്ഞത് സ്റ്റമ്പില്‍ നിന്ന് അകറ്റി. സാംപയുടെ കണക്കുകൂട്ടലുകള്‍ പോലെ തന്നെ പന്ത് നേരേ വിക്കറ്റ് കീപ്പറുടെ കൈകളിലേയ്ക്ക്.

എന്നാല്‍ ബൗളറുടെയും വിക്കറ്റ് കീപ്പറുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ധോണിയുടെ നീക്കം. സ്റ്റമ്പിങ്ങിനുള്ള സാധ്യത നിലനില്‍ക്കെ നിന്നിടത്തുനിന്ന് കാല്‍ നീട്ടിയ ധോണി ക്രീസില്‍ തൊട്ടതും വിക്കറ്റ് കീപ്പര്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ബെയ്ല്‍സ് തെറിപ്പിച്ചു.

സ്റ്റമ്പിങ്ങാണോയെന്ന് സംശയമുയര്‍ന്നതോടെ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി. റീപ്ലേയിലാണ് ക്രീസിലെ ആ രസകരമായ നിമിഷം കൂടുതല്‍ വ്യക്തമായത്. നിന്നനില്‍പ്പില്‍ ക്രീസ് തൊടാന്‍ ശ്രമിച്ച ധോണി ഇരുവശത്തേക്കുമായി കാലുകള്‍ അകറ്റിയത് 2.14 മീറ്റര്‍ ദൂരം. പിന്നീട് 23 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം 40 റണ്‍സ് നേടിയാണ് ധോണി ഗ്രൗണ്ട് വിട്ടത്.