എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു

single-img
28 February 2019

എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്. പാക്കിസ്ഥാന്‍ അവരുടെ വ്യോമമേഖല അടച്ചതോടെയാണ് എയര്‍ കാനഡ സര്‍വീസ് നിര്‍ത്തിയത്.

ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനം ടോറോണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു. ടോറോണ്ടോയില്‍നിന്നും വാന്‍കൂവറില്‍നിന്നും ഡല്‍ഹിക്ക് ദിനേനയുള്ള സര്‍വീസുകളും ആഴ്ചയില്‍ നാലു ദിവസമുള്ള ടോറോണ്ടോ മുംബൈ സര്‍വീസുമാണ് താല്‍ക്കാലികമായി നിര്‍ത്തിലാക്കിയിരിക്കുന്നതെന്ന് എയര്‍ കാനഡ വക്താവ് ഇസബല്ലെ ആര്‍ഥര്‍ അറിയിച്ചു.

നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരുന്നു. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.