വിങ് കമാൻഡർ അഭിനന്ദൻ യുദ്ധത്തടവുകാരൻ

single-img
28 February 2019

പാകിസ്ഥാന്‍റെ പിടിയിലായ ഇന്ത്യൻ വിങ് കമാന്‍റർ അഭിനന്ദൻ വർധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ. നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമായ വിങ്ങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ, പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. 

1949 ലെ ജനീവ കരാർ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികൾക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനിക‌‌‌‌ർ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നൽകി വേണം കസ്റ്റഡിയിൽ വയ്ക്കാൻ. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിൽസാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏൽപിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാൻ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

1971 ൽ ബംഗ്ലാദേശ് -യുദ്ധകാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടി. കാർഗിൽ ഓപ്പറേഷനിടയിൽ കസ്റ്റഡിയിലെടുത്ത വൈമാനികൻ കെ നാച്ചികേതയെ പാകിസ്ഥാൻ എട്ടു ദിവത്തിനകം വിട്ടയച്ചു. 2008 ലെ ഇന്ത്യ – പാക്ക് കരാര്‍ അനുസരിച്ചും അഭിനന്ദനെതിരെ പാക് സിവിൽ – പട്ടാള കോടതികൾക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.

അതേസമയം നിയന്ത്രണരേഖയില്‍ പ്രകോപനവുമായി വീണ്ടും പാക് സൈന്യം.പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.