പീഡനത്തിലും ചോദ്യം ചെയ്യലിലും പതറിയില്ല: ശത്രുരാജ്യത്തിന്റെ പിടിയില്‍ ഒറ്റക്കായിട്ടും അഭിനന്ദന്റെ ചങ്കുറപ്പുകണ്ട് പാക് സൈനികര്‍ പോലും ഞെട്ടി: പൂര്‍ണവിവരങ്ങള്‍ പുറത്ത്

single-img
28 February 2019

പാക്കിസ്ഥാന്റെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ തടവിലാക്കപ്പെട്ട വിങ് കമാണ്ടര്‍ അഭിനന്ദന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടന്‍ വിട്ടു നല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി നില്‍ക്കുന്ന അഭിനന്ദന്‍ വര്‍ധമാന്റെ വാര്‍ത്ത ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഭിനന്ദനെ ചോദ്യം ചെയ്തപ്പോള്‍….

മേജര്‍: എന്താണ് പേര്?

അഭിനന്ദന്‍: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍

മേജര്‍:താങ്കളോടു ഞങ്ങള്‍ മാന്യമായാണു പെരുമാറിയതെന്നു കരുതുന്നു?

അഭിനന്ദന്‍: അതേ. ഇക്കാര്യം ഞാന്‍ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാന്‍ സാധിച്ചാലും ഇതു ഞാന്‍ മാറ്റിപ്പറയില്ല. പാക്കിസ്ഥാന്‍ സേനയിലെ ഓഫിസര്‍മാര്‍ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളില്‍ നിന്നു രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.

മേജര്‍: താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്.

അഭിനന്ദന്‍: അക്കാര്യം ഞാന്‍ താങ്കളോടു പറയേണ്ടതുണ്ടോ? ഞാന്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ളയാളാണ്.

മേജര്‍: താങ്കള്‍ വിവാഹിതനാണോ?

അഭിനന്ദന്‍: അതേ.

മേജര്‍: താങ്കള്‍ക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു.

അഭിനന്ദന്‍: അതേ. നന്ദി.

മേജര്‍: ഏത് വിമാനമാണ് താങ്കള്‍ പറത്തിയിരുന്നത്?

അഭിനന്ദന്‍: ക്ഷമിക്കൂ മേജര്‍. അക്കാര്യം ഞാന്‍ താങ്കളോടു പറയില്ല. തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗങ്ങള്‍ താങ്കള്‍ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?

മേജര്‍: എന്തായിരുന്നു താങ്കളുടെ ദൗത്യം?

അഭിനന്ദന്‍: അക്കാര്യം താങ്കളോടു പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല.

മുഖത്ത് രക്തംപുരണ്ട് കൈകാലുകള്‍ കൂട്ടിക്കെട്ടിയനിലയിലാണ് പാക് സൈന്യം ആദ്യ വീഡിയോയില്‍ അഭിനന്ദനെ പ്രദര്‍ശിപ്പിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അഭിനന്ദന്റെ ധീരതയെ വാഴ്ത്തി മാധ്യമങ്ങള്‍ ഒന്നടങ്കം രംഗത്തെത്തി.

സമണ’ (തമിഴ് ജൈനര്‍) മത വിശ്വാസികളാണ് അഭിനന്ദന്റെ കുടുംബം. ജന്മനാടായ തമിഴ്‌നാട്ടിലെ തിരുവണ്ണാമല തിരുപ്പനവൂര്‍ ഗ്രാമത്തില്‍നിന്ന് ജോലിയാവശ്യാര്‍ഥം വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെന്നൈയിലേക്ക് താമസം മാറ്റുകയായിരുന്നു. 2004ല്‍ വ്യോമസേനയില്‍ ചേര്‍ന്ന അഭിനന്ദന്‍ ചെന്നൈ താമ്പരത്തെ തരമണി വ്യോമസേന കേന്ദ്രത്തിലാണ് പൈലറ്റായി (173 കോഴ്‌സ് വിഭാഗം) പരിശീലനം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീണ മിഗ്21 യുദ്ധ വിമാനത്തിന്റെ പൈലറ്റായാണ് അഭിനന്ദന്‍ സേവനമനുഷ്ഠിച്ചത്.

അതേസമയം, ധീരനായ മകന് വേണ്ടി നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഭിനന്ദന്റെ പിതാവും മുന്‍ എയര്‍ മാര്‍ഷലുമായ സിമ്മക്കുട്ടി വര്‍ധമാന്‍ രംഗത്തെത്തി. ‘നിങ്ങളുടെ പ്രാര്‍ഥാനകള്‍ക്കും ആശംസകള്‍ക്കും നന്ദി. ദൈവത്തോടും നന്ദി പറയുന്നു. അഭി ജീവനോടെ ഉണ്ട്. പരിക്ക് പറ്റിയിട്ടില്ല. സാഹചര്യത്തിന് അനുസരിച്ച് പെരുമാറുന്നു. അവന്‍ ധൈര്യപൂര്‍വം സംസാരിച്ച രീതി നോക്കൂ… യഥാര്‍ഥ സൈനികനാണവന്‍. ഞങ്ങള്‍ അവനെ കുറിച്ച് അഭിമാനിക്കുന്നു.

സുരക്ഷിതനായി തിരിച്ചെത്തുന്നതിനു വേണ്ടി എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും അവനുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അവന്‍ പീഡനത്തിന് ഇരയാകരുതേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ശരീരത്തിനും മനസിനും ഓര്‍മയോടു കൂടി സുരക്ഷിതനായി തിരിച്ചെത്തുന്നതിനും പ്രാര്‍ഥിക്കുന്നു. ഈ സമയം ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. നിങ്ങളുടെ പിന്തുണയില്‍ നിന്നും ഊര്‍ജ്ജത്തില്‍ നിന്നുമാണ് ഞങ്ങള്‍ ശക്തി സംഭരിക്കുന്നത് – അഭിനന്ദിന്റെ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, ഏറെ പണിപ്പെട്ടാണ് ‘ഭാരത് മാതാ കി ജയ്’ വിളിച്ചു ചീറ്റപ്പുലിയെ പോലെ പോരാടിയ വിങ് കമാണ്ടര്‍ അഭിനന്ദനെ കീഴടക്കിയത് എന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസിയായ റസാഖാണ് ആദ്യം വിങ് കമാണ്ടര്‍ അഭിനന്ദന്‍ പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ പാരച്യൂട്ട് ഇറങ്ങുന്നത് കണ്ടത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല എന്നാണ് റസാഖ് ദി ഡോണിനോട് പറഞ്ഞത്.

തനിക്കു നേരെ പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി സ്ഥലം ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നാണ് അഭിനന്ദന്‍ ആദ്യം ചോദിച്ചത് എന്നാണ് റസാക്ക് പറയുന്നത്. പാകിസ്ഥാനിലാണ് എന്നറിഞ്ഞതോടെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു കൊണ്ടാണ് തനിക്കുനേരെ അടുത്ത ജനക്കൂട്ടത്തെ നേരിട്ടു. ഇതില്‍ പ്രകോപിതരായ ചെറുപ്പക്കാര്‍ തിരിച്ച് പാകിസ്ഥാന് പട്ടാളത്തിന് ജയ് വിളിച്ചു എന്നും റസാഖ് പറയുന്നു.

ഇതിനിടയില്‍ തനിക്കു നേരെ വന്ന ആള്‍ക്കൂട്ടത്തെ നേരിടാനായി അഭിനന്ദന്‍ ആകാശത്തേക്ക് കൈത്തോക്ക് ഉപയോഗിച്ച് പലതവണ വെടിവെച്ചതായും റസാഖ് പറയുന്നു. കൂടാതെ ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചതായും, കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും, വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും റസാഖ് ദി ഡോണിനോട് പറഞ്ഞു.

ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വിങ് കമാണ്ടര്‍ അഭിനന്ദന്റെ കാലില്‍ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ നിലത്തുവീണ അഭിനന്ദനെ ആള്‍ക്കൂട്ടം കീഴ്‌പ്പെടുത്തുകയായിരുന്നു എന്നുമാണ് റസാഖ് മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ തന്നെ സ്ഥലത്തെത്തിയ പാകിസ്ഥാന്‍ പട്ടാളം അഭിനന്ദന കസ്റ്റഡിയിലായിരുന്നു എന്നുമാണ് റസാഖ് ദി ഡോണിനോട് പറഞ്ഞത്.