‘പൈശാചികമായ പീഡനമാണ് സൈനികരില്‍ നിന്നും നേരിടേണ്ടി വന്നത്; നാല് വര്‍ഷത്തെ ചികിത്സ വേണ്ടി വന്നു മുറിവുകള്‍ ഉണങ്ങാന്‍’: 1999ല്‍ പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് നചികേത പറയുന്നു

single-img
28 February 2019

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പിടിയിലായ ഏക ഇന്ത്യന്‍ സൈനികനും ഒരു പൈലറ്റായിരുന്നു. വെറും 26 വയസ് മാത്രമായിരുന്നു പിടിയിലാകുമ്പോള്‍ കമ്പംബെട്ടി നചികേതയുടെ പ്രായം. ബറ്റാലിക് സെക്ടറില്‍ കരസേനാ നീക്കം സുഗമമാക്കുന്നതിന് ആകാശത്ത് സുരക്ഷ നല്‍കുകയായിരുന്നു വ്യോമസേനാ സംഘം.

1999 മേയ് 27 ആയിരുന്നു അന്ന്. നചികേത പറത്തിയ മിഗ് 27 ഫൈറ്റര്‍ ജെറ്റ് യന്ത്രത്തകരാര്‍ മൂലം 18,000 അടി ഉയരത്തില്‍ നിന്നും തകര്‍ന്നു വീണു. മരണം മുന്നില്‍ കണ്ട നചികേത അടിയന്തിര രക്ഷാ മാര്‍ഗ്ഗം ഉപയോഗിച്ചു. കോക്പിറ്റില്‍ നിന്ന് ഇജക്ട് ചെയ്ത് പാരച്യുട്ടില്‍ നചികേത പറന്നിറങ്ങിയത് നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാനിലായിരുന്നു.

പാക് സൈനികരുടെ കൊടിയ മര്‍ദ്ദനത്തിന് ഇരയായ നചികേതയ്ക്ക് എട്ടാം ദിവസമാണ് മോചനം സാധ്യമായത്.
പൈശാചികമായ പീഡനമാണ് പാക്കിസ്ഥാനി സൈനികരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്ന് പിന്നീട് നചികേത മാദ്ധ്യമങ്ങളില്‍ വെളിപ്പെടുത്തുകയുണ്ടായി.

‘പിടികൂടിയ സൈനികര്‍ മാരകമായി എന്നെ പ്രഹരിക്കുകയായിരുന്നു. എന്നെ വധിക്കണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു അവരുടെ മര്‍ദ്ദനം. എന്നാല്‍ ഭാഗ്യമെന്നു പറയട്ടേ,? അവരുടെ ഓഫീസര്‍ക്ക് എന്റെ അവസ്ഥ മനസിലാവുകയായിരുന്നു.

ഏതു സാഹചര്യത്തിലാണ് ഞാന്‍ അവരുടെ തടവുകാരനായി മാറിയത് എന്ന് അയാള്‍ക്ക് നന്നായി മനസിലായി. അദ്ദേഹം തന്റെ സൈനികരെ തടഞ്ഞു. അതുപോലും വളരെ പ്രയാസകരമായിരുന്നു. കാരണം പാക് പട്ടാളത്തിന് അത്രയധികം വിരോധമായിരുന്നു എന്നോട്’.

‘അവിടെ നിന്നും തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ ഒരിക്കല്‍ പോലും എനിക്കുണ്ടായിരുന്നില്ല. പാക് തടവറയില്‍ അനുഭവിക്കേണ്ടി വന്നതെല്ലാം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല. മാനസികമായും ശാരീരികമായും അനുഭവിക്കേണ്ടി വന്ന യാതനകള്‍ എത്രവലുതായിരുന്നു. മരണം മാത്രമാണ് രക്ഷപ്പെടാനുള്ള ഏക പോംവഴിയെന്ന് ഒടുവില്‍ എനിക്കു തോന്നി’ നചികേത വ്യക്തമാക്കി.

എന്നാല്‍ രാജ്യത്തിനു വേണ്ടി ജീവന്‍ പണയം വച്ച ധീരസൈികനെ മരണത്തിന്റെ വായിലേക്ക് വിട്ടുകൊടുക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. നചികേതയെ മോചിപ്പിക്കുവാനായി അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനുമേല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി.

അമേരിക്കന്‍ മാദ്ധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുകൊണ്ടേിരുന്നു. ഒടുവില്‍ ആത്മസംഘര്‍ഷത്തിന്റെ എട്ടുനാളുകള്‍ക്കിപ്പുറം നചികേതയെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായി. 1999 ജൂണ്‍ 3ന് വാഗബോര്‍ഡറില്‍ വച്ച് നചികേതയെ ഇന്ത്യയ്ക്ക് കൈാറി.

നീണ്ട നാല് വര്‍ഷമാണ് നചികേതയ്ക്ക് ചികിത്സ വേണ്ടി വന്നത്. അത്രയും കാലമെടുത്തു നചികേതയുടെ മുറിവുകള്‍ ഉണങ്ങാന്‍. 2003 ല്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും പറക്കാനായത്. 2000ല്‍ വായുസേനാ മെഡല്‍ നല്‍കി രാജ്യം അദ്ദേഹത്തിന്റെ ധീരതയെ ആദരിച്ചു. ഇന്ന് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ് നചികേത.