കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് വി. മുരളീധരന്‍

single-img
27 February 2019

രാജ്യം ശത്രുരാജ്യങ്ങളില്‍നിന്നു ഭീഷണി നേരിടുമ്പോള്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതിനു പകരം ശത്രുരാജ്യത്തോടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂറ് പ്രകടിപ്പിക്കുന്നതെന്ന് വി. മുരളീധരന്‍ എംപി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത്.

ഈ പരാജയം മുന്നില്‍ കണ്ട്, പാക്ക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്‌ലിം സമുദായത്തെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള ആസൂത്രിതമായ ശ്രമമാണ് കോടിയേരിയുടെ ദേശവിരുദ്ധ പ്രസ്താവനയ്ക്കു പിന്നിലുള്ളത്. കേന്ദ്രം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തില്‍ കോടിയേരി മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ സാഹചര്യമനുസരിച്ചുള്ള വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. കോടിയേരിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി എത്രയും വേഗം അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പ് യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാനുള്ള ബിജെപി–ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമായാണു പാക്കിസ്ഥാനില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന.