തൊളിക്കോട് മുന്‍ ഇമാമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഏഴ് പേരെ പ്രതി ചേര്‍ത്തു; പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

single-img
27 February 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഏഴ് പേരെ പൊലീസ് പ്രതി ചേര്‍ത്തു. നൗഷാദ്, സുധീര്‍, അല്‍ അമീന്‍, അഷറഫ്, എസ്ഡിപിഐ നേതാക്കളായ അസ്‌കര്‍, സലിം കരമന, നവാസ് തോന്നയ്ക്കല്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ നേരെത്തെ കൊച്ചിയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.

അതിനിടെ, പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മാര്‍ച്ച് ആറിന് കുട്ടിയെ ഹാജരാക്കണം. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നല്‍കിയ ഹേബിയസ്‌കോര്‍പസ് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന ചൈല്‍ഡ് ഹോമിലെത്തി സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും സന്ദര്‍ശിക്കാന്‍ ഹൈകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ താല്‍പര്യം പരിഗണിക്കാതെയും സ്വാഭാവിക രക്ഷാകര്‍ത്താവായ തന്റെ വാദം കേള്‍ക്കാതെയും പത്താംക്ലാസ് പരീക്ഷ എഴുതേണ്ടതാണെന്നതടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിക്കാതെയും തിരുവനന്തപുരത്തെ ചൈല്‍ഡ് ഹോമില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇമാമിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിക്കാതിരുന്നതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.