ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ ഡൽഹിയിൽ പാകിസ്ഥാൻ പതാക പാറും: ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ്

single-img
27 February 2019

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ പാകിസ്ഥാന്‍ പതാക ഡല്‍ഹിയില്‍ പാറുമെന്ന് ഷഹബാസ് പറഞ്ഞു.  പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോട് പ്രതികരിക്കുകയായിരുന്നു ഷഹബാസ്.

പാകിസ്ഥാന്‍ നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍, അത് വലിയ അബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനുമായി ഏറ്റുമുട്ടാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍, ഡല്‍ഹിയില്‍ പാക് പതാകയാകും പാറുകയെന്നും ഷഹബാസ് പറഞ്ഞു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്.

ഇന്ത്യ യുദ്ധക്കൊതി നിര്‍ത്തണം. ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കുകയും, ഉത്തരവാദിത്തത്തോടെ പെരുമാറുകയും വേണം. അല്ലാതെ തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും ഷഹബാസ് ആവശ്യപ്പെട്ടു.

അതിനിടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും ലഷ്‌കര്‍ ഇ തയ്ബ തലവന്‍ ഹാഫിസ് സയീദിനും സുരക്ഷിത താവളം ഒരുക്കുനന്ത് ഷഹബാസ് ഷെരീഫാണെന്ന് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. മസൂദ് അസര്‍ അടക്കമുള്ള ഭീകരര്‍ ഷഹബാസിന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് പാകിസ്ഥാനിലെ പഞ്ചാബിലെ മുന്‍ ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ 2008 ല്‍ വെളിപ്പെടുത്തിയതായി വിക്കിലീക്‌സ് വ്യക്തമാക്കുന്നു.