പാക്കിസ്ഥാന്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു

single-img
27 February 2019

വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടു. രജൗരി സെക്ടറിലെ നൗഷേരയിലാണ് ഇന്ന് രാവിലെ മൂന്ന് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ബോംബുകള്‍ വര്‍ഷിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് വിമാനം തകര്‍ത്തത്.

അതിര്‍ത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നത് കണ്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാക് പൈലറ്റിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം രജൗരി സൈനിക പോസ്റ്റിന് സമീപത്ത് ഉണ്ടായ ആക്രമണത്തില്‍ ആളപായമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ ആക്രമണം നടത്തിയതായി പാകിസ്ഥാനും സ്ഥിരീകരിച്ചു. അതിര്‍ത്തി കടന്ന് പറന്ന രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടതായും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നു. ഒരു ഇന്ത്യന്‍ പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും പാക് സൈനിക വക്താവ് അവകാശപ്പെട്ടു.

അതിനിടെ, പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതോടെ അതിര്‍ത്തിപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ജമ്മു, ലേ, ശ്രീനഗര്‍. അമൃത്സര്‍, ചണ്ഡിഗഡ്വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രജോരി ജില്ലയില്‍ ഷെല്ലാക്രമണം നടന്നതിനാല്‍ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയും നല്‍കി.

പാകിസ്താനും വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.