‘ഞങ്ങള്‍ തിരിച്ചടിച്ചതല്ല; കരുത്ത് കാണിച്ചതാണ്’; ഇന്ത്യയോട് പാക്കിസ്ഥാന്‍

single-img
27 February 2019

നിയന്ത്രണരേഖ മറികടന്ന് പാക് വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍. ഇത് തിരിച്ചടിയല്ലെന്നും തങ്ങള്‍ കരുത്ത് കാണിച്ചതാണെന്നുമാണ് പാക്കിസ്ഥാന്റെ വിശദീകരണം. തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

സൈനികരെ ലക്ഷ്യം വെക്കുന്നില്ലെന്നും അത്യാഹിതങ്ങള്‍ സംഭവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് പാക് കരസേനയും വ്യോമസേനയും അറിയിച്ചത്. എഫ്16 വിമാനങ്ങള്‍ ഓപ്പറേഷന് ഉപയോഗിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.

അതേസമയം പ്രത്യേകസാഹചര്യം കണക്കിലെടുത്ത് പാക്കിസ്ഥാനില്‍ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. ലാഹോര്‍, ഇസ്‌ലാമാബാദ് മുള്‍ട്ടാല്‍, സിയാല്‍കോട്ട്, ഫൈസലാബാദ് വിമാനത്താവളങ്ങളാണ് അടച്ചത്.

അതിനിടെ, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയാണ് പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ നിഷേധിച്ചത്. എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തികള്‍ ലംഘിച്ച ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്നുമായിരുന്നു പാക്കിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചത്. വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണിട്ടുണ്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു.

പാകിസ്താന്റെ ഈ അവകാശവാദങ്ങളെയാണ് ഇന്ത്യ തള്ളിയിരിക്കുന്നത്. അതേസമയം ബുധനാഴ്ച ചില പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് വ്യോമസേന തടഞ്ഞിരുന്നു. പാകിസ്താന്റെ എഫ്. 16 പോര്‍വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിടുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് മുതല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ഇതിനിടെ ബുധ്ഗാമില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ടായി. അപകടത്തില്‍ പൈലറ്റും കോപൈലറ്റും മരിച്ചതായും സാങ്കേതികതകരാറാണ് അപകടത്തിന് കാരണമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷം കലുഷിതമായതോടെ കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്.