പാകിസ്താന് എട്ടിന്റെ പണി: സ്വഭാവം നന്നാവുംവരെ ചില്ലിക്കാശ് നല്‍കില്ലെന്ന് നിക്കി ഹാലി

single-img
27 February 2019

ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്കെതിരേ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനിക നടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ സംയമനം പാലിക്കണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അതിനിടെ, ഭീകരര്‍ക്ക് താവളമൊരുക്കുന്നതിന്റെ ദീര്‍ഘനാളത്തെ ചരിത്രമുള്ള പാകിസ്താന്റെ സ്വഭാവം നേരെയാകുന്നതുവരെ ചില്ലിക്കാശ് നല്‍കില്ലെന്ന് യു.എന്നിലെ മുന്‍ യു.എസ്. സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. പാകിസ്താനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും അവര്‍ പ്രകീര്‍ത്തിച്ചു.

യു.എസ്. ഒരുരാജ്യത്തിന് സഹായം നല്‍കുമ്പോള്‍ തിരിച്ച് എന്തുകിട്ടുന്നു എന്നുകൂടി ചോദിക്കുന്നത് നല്ലതായിരിക്കും. യു.എന്നിലെ വിവിധ വിഷയങ്ങളില്‍ യു.എസിനെതിരായി നില്‍ക്കുന്ന ചരിത്രമാണ് പാകിസ്താനുള്ളത്. യു.എന്നില്‍ നടന്ന നിര്‍ണായക വോട്ടെടുപ്പുകളില്‍ 76 ശതമാനത്തോളം വിഷയങ്ങളിലും പാകിസ്താന്‍ യു.എസിന് എതിരായിരുന്നു.

2017ല്‍ പാകിസ്താന് 100 കോടി ഡോളറിന്റെ യു.എസ്. സഹായമാണ് ലഭിച്ചത്. ഇതില്‍ നല്ലൊരുപങ്കും പോയത് പാക് സൈന്യത്തിനാണ്. കുറച്ചുപണം റോഡ്, ഹൈവേ, ഊര്‍ജ പദ്ധതികള്‍ക്കായും ലഭിച്ചു ‘വിദേശസഹായം സുഹൃത്തുക്കള്‍ക്കുമാത്രം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ നിക്കി ഹാലി പറഞ്ഞു.

ട്രംപ് ഭരണകൂടം നേരത്തേതന്നെ പാകിസ്താനുള്ള സഹായം വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജയും സൗത്ത് കരോലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹാലി ഡിസംബറിലാണ് സ്ഥാനപതി പദവി ഒഴിഞ്ഞത്.

നേരത്തെ, ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടിരുന്നു. പാകിസ്താന്റെ മണ്ണില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കാന്‍ പാക് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ അറിയിച്ചു.

ഇതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും സംയമനംപാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരെ അറിയിച്ചതായും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൈനിക നടപടികള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.