ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടരുത്: സനത് ജയസൂര്യയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്

single-img
27 February 2019

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യയെ ഐ.സി.സി. രണ്ടു വര്‍ഷത്തേയ്ക്ക് വിലക്കി. ഐ.സി.സി.യുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടരുതെന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യയെ ഐ.സി.സി വിലക്കിയത്.

അഴിമതി സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാതിരിക്കുക, അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ അനുസരിച്ച് ജയസൂര്യ കുറ്റക്കാരനാണെന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യയ്‌ക്കെതിരായ നടപടി.

ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത് ഉയര്‍ന്ന അഴിമതിയാരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യ തന്റെ സിം കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയില്ല എന്നതാണ് ഇപ്പോഴത്തെ നടപടിക്ക് അടിസ്ഥാനമായ ആരോപണം.

വ്യക്തിപരമായ വിവരങ്ങളും ചില സ്വകാര്യ വീഡിയോകളും ഉള്ളതുകൊണ്ടാണ് സിം കാര്‍ഡ് കൈമാറാന്‍ വൈകിയത് എന്നായിരുന്നു ജയസൂര്യയുടെ വിശദീകരണം. കളിയില്‍ ഒരിക്കലും സത്യസന്ധമല്ലാതെയും സുതാര്യമല്ലാതെയും കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും ജയസൂര്യ വിശദീകരിച്ചിരുന്നു. എന്നാല്‍, ജയസൂര്യയുടെ നടപടി തൃപ്തികരമല്ലെന്നു കണ്ടാണ് നടപടി സ്വീകരിച്ചതെന്ന് ഐ.സി.സി. ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു.