അതിര്‍ത്തിയില്‍ സൈന്യം റെഡിയായി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

single-img
27 February 2019

അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ പാക്കിസ്ഥാന്‍ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. നൗഷേര മേഖലയിലാണ് ലംഘനം നടന്നത്. പൂഞ്ച്, രജൗറി, അഖ്‌നൂര്‍, ഉറി മേഖലകളില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് പുതിയ പ്രകോപനം. വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണമില്ല.

അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മ്മലാ സീതാരാമനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം തുടരുകയാണ്. കര, വ്യോമ, നാവിക സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ സേനാവിന്യാസം എങ്ങനെ വേണം, എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ എങ്ങനെ സൈന്യത്തെ സജ്ജമാക്കണം എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ആവശ്യമുള്ള ആയുധങ്ങളും സേനാസന്നാഹങ്ങളും സൈന്യത്തിന് എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളെ വധിച്ചു. ഷോപ്പിയാനിലെ മീമന്ദര്‍ മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെ തെരച്ചില്‍ നടത്തിയത്. പഞ്ചാബ്, ഹരിയാന അതിര്‍ത്തിപ്രദേശങ്ങളില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇന്നലെ രാജസ്ഥാനിലെ അതിര്‍ത്തിപ്രദേശത്ത് കണ്ട പാകിസ്ഥാനി ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടിരുന്നു.

അതേസമയം ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന രജോരി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി നല്‍കി. പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകരത്താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ബോംബാക്രമണത്തിന് പിന്നാലെ പാക് സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

നിയന്ത്രണരേഖയുടെ സമീപമേഖലകളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായും രജോരി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.