വിമാനത്താവളങ്ങള്‍ അടച്ചു; പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കി

single-img
27 February 2019

പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലും അതിര്‍ത്തിപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെ ചില പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് വ്യോമസേന തടഞ്ഞു. പാകിസ്താന്റെ എഫ്. 16 പോര്‍വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിടുകയും ചെയ്തു.

അന്തരീക്ഷം കലുഷിതമായതോടെ ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു. ലേ, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്‌സര്‍, ഷിംല, ധരംശാല, ഡെറാഡൂണ്‍, ഭുണ്ടര്‍, ഗഗല്‍ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടങ്ങള്‍ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ സുഗമമായ പറക്കലിനു വേണ്ടിയാണു നീക്കമെന്നാണു വിശദീകരണം. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് ഈ വിമാനത്താവളങ്ങളിലേക്കുള്ള 60 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കും. പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കി.

കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ വ്യോമസേന ജെറ്റ് തകര്‍ന്നതിനു പിന്നാലെയാണു വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ വിമാനത്താവളങ്ങളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. അതേസമയം ഏതു തരത്തിലുള്ള ജാഗ്രതാ നിര്‍ദേശമാണു വിമാനത്താവളങ്ങള്‍ക്കു നല്‍കിയിട്ടുള്ളതെന്നു വ്യക്തമല്ല.

ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളിലേക്കു വരാനിരുന്ന പല വിമാനങ്ങളും തിരിച്ചുവിട്ടു. പാക്കിസ്ഥാനിലെ ലഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്‌ലാമബാദ് വിമാനത്താവളങ്ങളില്‍നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വിമാനത്താവളങ്ങള്‍ അടച്ചത് ഇരു രാജ്യങ്ങളുടെയും വ്യോമ മേഖലയിലൂടെ പറക്കുന്ന രാജ്യാന്തര വിമാനങ്ങളെ ബാധിച്ചു. ചില വിമാനങ്ങള്‍ പുറപ്പെട്ട വിമാനത്താവളത്തിലേക്കു തന്നെ മടങ്ങി.

അതേസമയം, ചൊവ്വാഴ്ച വൈകിട്ട് മുതല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു.

ഒട്ടേറെ പാക് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അതിനിടെ ഇന്ത്യയുടെ രണ്ട് സൈനിക വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താനും അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. എല്ലാ വിമാനങ്ങളും സൈനികരും സുരക്ഷിതരാണെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

ഷോപ്പിയാനിലെ മീമന്ദറിലുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഏറ്റുമുട്ടലിന് പിന്നാലെ ഷോപ്പിയാനിലും പുല്‍വാമയിലും സൈന്യം വ്യാപക തിരച്ചില്‍ നടത്തി. മേഖലയില്‍ ശക്തമായ നിരീക്ഷണവും പരിശോധനകളും തുടരുകയാണ്.