നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചു: യുദ്ധ സമാന സാഹചര്യമെന്ന് വിലയിരുത്തല്‍

single-img
27 February 2019

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവയ്ക്കാൻ കോൺഗ്രസ് തയ്യാറായത്. 

അതിര്‍ത്തിയിൽ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല വിശദീകരിച്ചു.  പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും മാറ്റി വെച്ചിട്ടുണ്ട്.

അതിനിടെ, പുൽവാമ ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെയും രാഷ്ട്രീമായി മുതലെടുക്കാനുള്ള ബി.ജെ.പി നീക്കത്തെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇടുങ്ങിയ രാഷ്ട്രീയ പരിഗണന വെച്ച് രാജ്യസുരക്ഷയെ കാണരുത്. രാജ്യത്തെ വിശ്വാസത്തിലെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആവശ്യപ്പെട്ടു.

പൊതുമിനിമം പരിപാടി സംബന്ധിച്ച ചർച്ചകൾക്കായി നേരത്തെതന്നെ നിശ്ചയിച്ചതായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം. പിന്നീട് പുൽവാമ ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ജവാൻമാരുടെ ജീവത്യാഗത്തെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ബി.ജെ.പി നീക്കം വേദനാജനകമാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. ഇടുങ്ങിയ രാഷ്ട്രീയ പരിഗണന വെച്ച് രാജ്യസുരക്ഷയെ കാണരുത്. രാജ്യത്തെ വിശ്വാസത്തിലെടുത്തുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന പ്രമേയവും യോഗത്തിൽ പാസാക്കി.

പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കാണാതായ പൈലറ്റിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച യോഗം ശത്രു രാജ്യത്തിന്റെ നീചമായ ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ആവർത്തിച്ചു. 21 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

ഇടത് പാര്‍ട്ടി പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു. പൊതുമിനിമം പരിപാടിയില്‍ ഒപ്പ് വച്ചശേഷം സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കുന്നത് ശരിയല്ലെന്ന നിലപാടിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഇടത് പാര്‍ട്ടികള്‍.