രജൗറിയില്‍ പാക്കിസ്ഥാന്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്

single-img
27 February 2019

പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധസമാന സ്ഥിതി. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. രജൗറി ആര്‍മി പോസ്റ്റിനു സമീപം ബോംബിട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വന്‍കുഴികള്‍ രൂപപ്പെട്ടതിന്റെ ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അതിര്‍ത്തി കടക്കാനുള്ള ശ്രമം ഇന്ത്യന്‍ വിമാനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

നിയന്ത്രണരേഖ കടന്ന രണ്ടു ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും ഒരു ഇന്ത്യന്‍ വൈമാനികനെ അറസ്റ്റ് ചെയ്തതായും പാക്കിസ്ഥാന്‍ ആരോപിച്ചു. ഒരു വിമാനം പാക് അധീന കാശ്മീരില്‍ വീണെന്ന് അവകാശവാദം. രണ്ടാമത്തെ വിമാനം വീണത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണെന്നും പാക്കിസ്ഥാന്‍ പറയുന്നു.

അതേസമയം, ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പാക്കിസ്ഥാനില്‍ നടത്തിയത് സൈനിക നടപടി അല്ലെന്ന നിലപാടാവര്‍ത്തിച്ച് ഇന്ത്യ. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടികള്‍ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ ഭീകരരെ തടയില്ലെന്ന് ഉറപ്പായതിനുശേഷമാണ് ഇന്ത്യ നടപടിയെടുത്തതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.