അതിര്‍ത്തി യുദ്ധസമാനം; 5 പാക് പോസ്റ്റുകള്‍ തകര്‍ത്തു; രണ്ട് ഭീകരരെ വധിച്ചു; ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം പൂര്‍ണമായും സൈന്യം വളഞ്ഞു

single-img
27 February 2019

ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു സൂചന. ഒരു ഭീകരന്‍ കൂടി ഇവിടെയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന കെട്ടിടം പൂര്‍ണമായും സൈന്യം വളഞ്ഞു.

അതിനിടെ, പൂഞ്ച്, രജൗറി, അഖ്‌നൂര്‍ മേഖലകളില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പത്ത് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്ത്യയുടെ തിരിച്ചടിയില്‍ അഞ്ച് പാക് പോസ്റ്റുകള്‍ തകര്‍ത്തു. പാക് അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ക്ക് വലിയ തോതില്‍ പരുക്കേറ്റിട്ടുണ്ട്. രജൗറിയില്‍ സ്‌കൂളുകള്‍ അടച്ചു. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു.

അതേസമയം, പാകിസ്ഥാനുമായുള്ള പ്രശ്‌നം കൂടുതല്‍ വഷളാക്കാനില്ലെന്ന് ഇന്ത്യ വ്യത്കമാക്കി. ജയ്‌ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനിക നടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കില്ലെന്നുറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്.

ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നില്‍ക്കരുതെന്ന് വാങ് യിയുമായുള്ള ചര്‍ച്ചയില്‍ സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും കൂടുതല്‍ സൈനികനടപടികളിലേക്ക് പോകരുതെന്ന് അമേരിക്ക. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയേയും ഫോണില്‍ വിളിച്ചാണ് യുഎസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടി വേണമെന്ന് പോംപെയോ ഖുറേഷിയോട് ആവശ്യപ്പെട്ടു. മേഖലയില്‍ ശാന്തിയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് വിദേശകാര്യസെക്രട്ടറി ഓര്‍മിപ്പിച്ചു. ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള പിന്തുണ സുഷമ സ്വരാജുമായുള്ള സംഭാഷണത്തില്‍ പോംപെയോ ആവര്‍ത്തിച്ചു.