രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു; നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചു

single-img
27 February 2019

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങൾ നീങ്ങുന്നു എന്ന സാഹചര്യത്തിലായിരുന്നു ജമ്മു കശ്മീരിലേതടക്കം വടക്കേ ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങൾ അടച്ചിട്ടത്. ഇവിടങ്ങൾ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതും പിൻവലിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഇന്ത്യ റദ്ദാക്കി.

ലേ, ജമ്മു, ശ്രീനഗർ, ഷിംല, ഡെറാഡൂൺ, ധരംശാല, ഭുണ്ടർ, ഗഗൽ, ചണ്ഡീഗഡ്, അമൃത്‍സർ എന്നീ വിമാനത്താവളങ്ങളാണ് മൂന്നുമാസത്തേക്ക് അടച്ചിടാൻ നേരത്തേ തീരുമാനിച്ചത്. പൈലറ്റുമാർക്ക് നൽകിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പ് (Notice to Airmen to alert aircraft pilots of potential hazards along a flight route) ഇന്ത്യ പിൻവലിച്ചു. അതേസമയം പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകളുടെ വ്യോമപാത പാകിസ്ഥാന് മുകളിലൂടെയാണ്.