വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു; നാല് വിമാനത്താവളങ്ങള്‍ അടച്ചു

single-img
27 February 2019

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ബോംബുകള്‍ വര്‍ഷിച്ചത്. ബുധനാഴ്ച രാവിലെ മൂന്ന് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്.

പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വിമാനങ്ങള്‍ മടങ്ങിയെന്നും സൈന്യം അറിയിച്ചു. സംഭവത്തെ തുടര്‍ന്നു കാശ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നാല് വിമാനത്താവളങ്ങള്‍ അടയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങളാണ് അടച്ചത്.

യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പാക്കിസ്ഥാനില്‍ നടത്തിയത് സൈനിക നടപടി അല്ലെന്ന നിലപാടാവര്‍ത്തിച്ച് ഇന്ത്യ. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടികള്‍ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ ഭീകരരെ തടയില്ലെന്ന് ഉറപ്പായതിനുശേഷമാണ് ഇന്ത്യ നടപടിയെടുത്തതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.

അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മ്മലാ സീതാരാമനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം തുടരുകയാണ്. കര, വ്യോമ, നാവിക സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ സേനാവിന്യാസം എങ്ങനെ വേണം, എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ എങ്ങനെ സൈന്യത്തെ സജ്ജമാക്കണം എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ആവശ്യമുള്ള ആയുധങ്ങളും സേനാസന്നാഹങ്ങളും സൈന്യത്തിന് എത്തിക്കാനും തീരുമാനമായിട്ടുണ്ട്.