ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ എങ്ങനെ നടത്താമെന്നു ജയ്ഷെ മുഹമ്മദ് ചിന്തിക്കുകയായിരുന്നു; ആ ചിന്തയും കൂടെ അവരെയും ഞങ്ങൾ ഇല്ലാതാക്കി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

single-img
26 February 2019

പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത് സ്ഥിരീകരിച്ച് വിദേശകാര്യസെക്രട്ടറി വിജയ് കേശവ ഗോഖലെ. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിൽ എങ്ങനെയൊക്കെ ആക്രമണം നടത്താമെന്ന് ഭീകരർ ചിന്തിക്കുകയായിരുന്നു. ആ ചിന്തയെയും അവരെ തന്നെയും ഞങ്ങൾ ഇല്ലാതാക്കി- അദ്ദേഹം പറഞ്ഞു.  

ഇതേസമയം ഇന്ത്യന്‍ വ്യോമസേന ഭീകരക്യാമ്പുകള്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെ  അടിയന്തര നടപടികൾ സ്വീകരിച്ചു പാകിസ്താൻ. ഇന്ത്യന്‍ ആക്രമണത്തിന് ഏതുതരത്തിലുള്ള തിരിച്ചടി നല്‍കും എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി.

അതിനിടെ ജെയ്‌ഷെ മുഹമ്ദ് തലവന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ സുരക്ഷിത താവളത്തിലേക്ക് മാറ്റി. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ, കൂടുതല്‍ സുരക്ഷിതമായ ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക അബോട്ടാബാദില്‍ ബിന്‍ലാദനെതിരെ സൈനീക നടപടി സ്വീകരിച്ചതു പോലുള്ള നീക്കം ഇന്ത്യ നടത്തിയേക്കുമെന്ന ഭീതിയും അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലുണ്ടെന്നാണ് സൂചന.

പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അടിയന്തരയോഗം വിളിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് വ്യക്തമാക്കി.