പാകിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കു ശ്രമിച്ചു; ഇന്ത്യയുടെ തയ്യാറെടുപ്പുകൾ കണ്ട് ഭയന്ന് പിന്മാറി

single-img
26 February 2019

അതിർത്തികടന്ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടിക്കു ശ്രമിച്ച പാകിസ്ഥാൻ. എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചത്.  എന്നാൽ ഇന്ത്യയുടെ തയാറെടുപ്പുകൾ കണ്ട് ഭയന്ന് പിന്മാറുകയായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ബലാകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ആദ്യം ബലാകോട്ടിലാണ് ആക്രമണം നടത്തിയത്. ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണമായും തകര്‍ത്തു. പിന്നീട് മുസഫറാബാദിലെയും ചകോതിയിലെയും ജെയ്‌ഷെ ക്യാമ്പുകളും തകര്‍ക്കുകയായിരുന്നു.

12 മിറാഷ് പോര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. അക്രമണ വിവരം അറിഞ്ഞ് പാകിസ്ഥാൻ തിരിച്ചടിക്കു നിർദേശം നൽകിയെങ്കിലും ആ സമയം ഇന്ത്യൻസേന രാജ്യത്ത് തിരിച്ചെത്തിയിരുന്നു. വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സേന അപ്പപ്പോൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി.

വ്യോമാക്രമണം നടത്തിയ കാര്യം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സ്ഥിരീകരിച്ചു. പാക് ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു