പാക് അധീന കശ്മീരിലല്ല; ആക്രമണം നടത്തിയത് പാക് മണ്ണില്‍ തന്നെ; തകര്‍ത്തത് ഏറ്റവും വലിയ ഭീകര ക്യാംപ്

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ ഇരുന്നൂറിലേറെ ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാക് അധീന കശ്മീരില്‍ ആയിരുന്നു ആക്രമണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

ജെയ്‌ഷെ മുഹമ്മദിന്റെ താളവളത്തില്‍ അതായത് പാക് മണ്ണില്‍ തന്നെ ചെന്ന് തിരിച്ചടിച്ച് ഇന്ത്യ എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ബലാക്കോട്ട് ഉള്ളതാണ് ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയത്. പാക്കിസ്ഥാനില്‍ തന്നെയുള്ള ബലാക്കോട്ടില്‍ തന്നെയാണ് ആക്രമിച്ചത് എന്നാണ് പുതിയ വിവരം. അങ്ങനെയെങ്കില്‍ ഇത് വ്യോമസേനയുടെ വലിയ മുന്നേറ്റം ആണെന്നും വിലയിരുത്തപ്പെടുന്നു.

ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇവ ഉപയോഗിച്ച് മുന്‍ പദ്ധതി പ്രകാരം ഭീകരക്യാമ്പുകള്‍ പൂര്‍ണമായും നശിപ്പിക്കാന്‍ ഇന്ത്യക്കായി. അതീവ കൃത്യതയോടെ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ളവയാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍. പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളില്‍നിന്ന് ആയിരം കിലോയോളം ബോംബുകള്‍ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചു.

മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.

ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപില്‍ നിന്നായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 137 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് വായുശക്തി എന്ന പേരില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പങ്കെടുത്തിരുന്നു. ഇതില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാന്‍ ഉപയോഗിച്ചത്.

ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.