അതിര്‍ത്തി കടന്ന് ഇത്ര ദൂരത്തേക്ക് എത്തി ഇന്ത്യ ആക്രമണം നടത്തുമെന്നു സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല; സ്തബ്ധരായി പാക്കിസ്ഥാന്‍

single-img
26 February 2019

പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നാലാക്രമണം നീണ്ടത് 21 മിനിറ്റ് മാത്രം. മൂന്നിടങ്ങളില്‍ വ്യോമസേന 21 മിനിറ്റിനുള്ളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അതിര്‍ത്തി കടന്ന് ഇത്ര ദൂരത്തേക്ക് എത്തി ഇന്ത്യ ആക്രമണം നടത്തുമെന്നു പാക്ക് ചാരസംഘടനകള്‍ കരുതിയിരുന്നില്ല.

എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നെത്തി ബോംബ് വര്‍ഷിച്ചപ്പോള്‍ പാക്കിസ്ഥാന്‍ സ്തബ്ധരായി. ജയ്‌ഷെ കേന്ദ്രത്തില്‍ ഭീകരര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇന്ത്യന്‍ ആക്രമണം നടന്നത്. കൊടും ഭീകരരും പരിശീലകരും ഉള്‍പ്പെടെ 500 മുതല്‍ 700 വരെ ആളുകളാണ് ബാലാക്കോട്ടിലെ ക്യാംപിലുണ്ടായിരുന്നത്.

ഇതില്‍ 350 പേര്‍ കൊല്ലപ്പെട്ടുവെന്നാണു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകളില്‍നിന്ന് ഭീകരരെ പാക്ക് സൈന്യം ഒഴിപ്പിച്ചതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. സ്വിമ്മിങ് പൂളും പരിചാരകരും പാചകക്കാരും ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളാണ് ബാലാക്കോട്ടിലെ കേന്ദ്രത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

പാക്ക് ചാരസംഘടനകള്‍ക്ക് ഒരു തരത്തിലുള്ള സംശയവും തോന്നാതിരിക്കാന്‍ ശക്തമായ ആസൂത്രണമാണ് ആക്രമണത്തിനു മുമ്പ് ഇന്ത്യന്‍ വ്യോമസേന നടത്തിയത്. മധ്യ, പടിഞ്ഞാറന്‍ കമാന്‍ഡിലുള്ള വിവിധ വ്യോമതാവളങ്ങളില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ ഒരേസമയം പറന്നുയര്‍ന്നത്.

വിമാനങ്ങള്‍ എവിടേക്കാണു പറക്കുന്നതെന്ന് പാക്ക് ചാര ഏജന്‍സികള്‍ക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പറക്കലിനിടയില്‍ ഒരു ചെറുവിഭാഗം പെട്ടെന്ന് തെന്നിമാറി ബാലാക്കോട്ട് ലക്ഷ്യമാക്കി പോവുകയായിരുന്നു. അല്‍ഖായിദ നേതാവ് ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വധിച്ച അബട്ടാബാദില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ബാലാക്കോട്ട്.

ദിവസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഒടുവിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ഈ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിന്റെ തൊട്ടടുത്ത ദിവസം ഫെബ്രുവരി 15 നു തന്നെ മൂന്നു സേനകളിലെയും തലവന്മാര്‍ പ്രത്യാക്രമണ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു.

അതില്‍ ആര്‍മിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക് പ്ലാന്‍ സര്‍ക്കാര്‍ നിരസിച്ചു. വീണ്ടും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക് വിജയിക്കാനുള്ള സാധ്യത കുറവാണെന്നും, അതില്‍ പങ്കെടുക്കുന്ന സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്ന കാരണവും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ അത് നിരസിച്ചത്.

എന്നാല്‍ വ്യോമസേനയോട് തിരിച്ചടിക്ക് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനാ തിരിച്ചടിക്കാന്‍ 10 ദിവസം സമയം ആവശ്യപ്പെട്ടൂ. ഫെബ്രുവരി 18 നു വ്യോമ സേനക്ക് വേണ്ടി 5 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ IB യും റോയും ചേര്‍ന്ന് തെരഞ്ഞെടുക്കുന്നു. അതില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ വ്യോമസേനാ തീരുമാനിച്ചു.

പാക്കിസ്ഥാനിലെ മൂന്നു തീവ്രവാദ പരിശീനകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് ഫെബ്രുവരി 19 നു സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി. എന്നാല്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാന്റെ ശ്രദ്ധ തിരിക്കാനായി നാവിക സേന രണ്ടു അന്തര്‍വാഹികള്‍ കറാച്ചി തുറമുഖത്തിന് സമീപം ആയി നിര്‍ത്തിയിട്ടു. കൂടാതെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു അവസരം ഒഴുക്കുന്നു എന്ന തരത്തില്‍ അതിര്‍ത്തിയില്‍ ഷെല്ലിങ്ങും നടത്തിക്കൊണ്ടിരുന്നു.

ഇതിനിടക്ക് ഇന്ന് വെളുപ്പിന് ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാനിനുള്ളില്‍ കടന്നു കയറി മൂന്നു തീവ്രവാദി പരിശീലന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പുല്‍വമയില്‍ തീവ്രവാദി ആക്രമണത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദി നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരനും ഭാര്യാ സഹോദരനും ഉള്‍പ്പടെ ഏകദേശം 300 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടൂ.

മൂന്നു സ്ഥലങ്ങളിലാണ് ഇന്ന് ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയത്. ഒന്ന് ബാലക്കോട്ട്. ഇത് പാക്കിസ്ഥാന്റെ ഉള്ളിലുള്ള സ്ഥലമാണ്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ സൈനികകേന്ദ്രമായ അബോട്ടാബാദിനു കേവലം 60 കിലോമീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. രാവിലെ 3.45 നും 3.53 നും ഇടയിലാണ് ഇവിടെ ബോംബാക്രമണം നടത്തുന്നത്. ഇത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും42 കിലോമീറ്റര്‍ അകലെയാണ്.

രണ്ടാമത്തെ ആക്രമണം നടത്തുന്നത് പാക്കിസ്ഥാന്‍ അധീനതയിലുള്ള കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലാണ്. 3.48 നും 3.55 നും ഇടയിലാണ് ഇവിടെ ഇന്ത്യന്‍ വ്യോമസേനാ ആക്രമണം നടത്തുന്നത്. ഇത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ്. ഇവിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്കു ഇതുവരെ പുറത്തു വന്നിട്ടില്ല.

മൂന്നാമത്തെ ആക്രമണം നടത്തുന്നത് ചക്കൊത്തിയിലാണ്. ഇത് പാക്കിസ്ഥാന്‍ അധീനതയിലുള്ള കാശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കടുത്തു സ്ഥിതി ചെയുന്ന തീവ്രവാദ പരിശീലന കേന്ദ്രമാണ്. ഇത് ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടാനുള്ള കവാടമാണ് ആണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. രാവിലെ 3.58 നും 4.04 നും ഇടയിലാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇതും പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേനക്കായി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അതേസമയം പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാന്‍ പാക് സൈന്യം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ‘മിറാഷ് 2000’ യുദ്ധവിമാനങ്ങളുമായി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നില്‍ പാക് സൈന്യത്തിന് ഒന്നുംചെയ്യാനായില്ല.

മിറാഷ് വിമാനങ്ങളെ കണ്ട് പാക് സൈന്യം എഫ്. 16 വിമാനങ്ങളുമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ വ്യോമസേനയുടെ സന്നാഹം കണ്ട് പിന്മാറിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ചൊവ്വാഴ്ച നടന്ന മിന്നലാക്രമണത്തില്‍ പങ്കെടുത്തതെന്നും വ്യോമസേനയുടെ പടിഞ്ഞാറന്‍ എയര്‍കമാന്‍ഡാണ് ഓപ്പറേഷന്‍ ഏകോപിപ്പിച്ചതെന്നും എ.എന്‍.ഐ. ട്വീറ്റ് ചെയ്തു.

കൃത്യമായ സ്ഥലങ്ങളില്‍ അത്യാധുനിക മിസൈലുകള്‍ വര്‍ഷിക്കാന്‍ സാധിക്കുന്ന പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളിലാണ് അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണത്തിനായി ഇന്ത്യന്‍ വ്യോമസേന കുതിച്ചത്. 1985മുതല്‍ വ്യോമസേനയുടെ ഭാഗമായ മിറാഷിന് വജ്ര എന്നാണ് വിശേഷണം.

ദസ്സോ ഏവിയേഷനാണ് മിറാഷിന്റെ നിര്‍മാതാക്കള്‍. അമേരിക്കന്‍ നിര്‍മിത എഫ് 16, എഫ് 18 എന്നീ പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട് മിറാഷിന്. അന്‍പതോളം മിറാഷ് 2000 നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയാര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന മിറാഷിന് 6.3 ടണ്‍ ഭാരം വാഹിക്കാനുള്ള ശേഷിയുണ്ട്.

ഇന്നത്തെ മിന്നല്‍ ആക്രമണത്തില്‍ ലേസര്‍ഗൈഡഡ് ബോംബുകളാണ് മിറാഷില്‍ വര്‍ഷിച്ചതെന്നാണ് സൂചന. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്‌സ്പാനുമാണ് കരുത്തന്‍ മിറാഷിനുള്ളത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന പടയാളിയായിരുന്നു മിറാഷ് 2000.

കാര്‍ഗിലിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.മിറാഷ് 2000H സിംഗിള്‍ സീറ്റര്‍, മിറാഷ് 2000TH ട്വിന്‍ സീറ്റര്‍ എന്നീ രണ്ട്പതിപ്പിലുള്ള മിറാഷ് 2000 ഇന്ത്യയുടെ കൈവശമുണ്ട്. നൈറ്റ് വിഷന്‍ സൗകര്യമുള്ള ഗ്ലാസ് കോക്പിറ്റ്, മള്‍ട്ടി മോഡ് മള്‍ട്ടി ലെയേര്‍ഡ് റഡാര്‍, ഇന്റഗ്രേറ്റഡ് ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്.

നാലാംതലമുറ ജെറ്റ് ഫൈറ്റായ മിറാഷിന് സ്‌നേക്മ M53P2 ടര്‍ബോഫാന്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. വായുവിലൂടെ മണിക്കൂറില്‍ 2336 കിലോമീറ്ററാണിന്റെ മിറാഷിന്റെ പരമാവധി വേഗത. ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, ബ്രസീല്‍, ഖത്തര്‍, ഈജിപ്ത്, ഗ്രീസ്, തായ്‌വാന്‍, പെറു, യുഎഇ എന്നീ രാജ്യങ്ങള്‍ നിലവില്‍ മിറാഷ് പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ലേസര്‍ നിയന്ത്രിത ബോംബുകള്‍

ഏറെ കാലമായി ഇന്ത്യന്‍ സൈനത്തിന് മുതല്‍കൂട്ടാണ് ലേസര്‍ നിയന്ത്രിത ബോംബുകള്‍. കാര്‍ഗില്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്ത ലേസര്‍ നിയന്ത്രിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എന്നാല്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ലേസര്‍ ബോംബുകളാണ് ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡി.ആര്‍.ഡി.ഓ.) എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ഇ.)വികസിപ്പിച്ച സുദര്‍ശന്‍ ബോംബുകളായിരിക്കണം പാക് ഭീകരകേന്ദ്രങ്ങളില്‍ നാശം വിതച്ചത്.

1960 കളില്‍ അമേരിക്കയാണ് ലേസര്‍ നിയന്ത്രിത ബോംബുകള്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് റഷ്യയും, ഫ്രാന്‍സും, ബ്രിട്ടനും അവ സ്വന്തമായി വികസിപ്പിച്ചെടുത്തു. സാധാരണ ബോംബുകളേക്കാള്‍ കൃത്യതയില്‍ ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ ശേഷിയുള്ളവയാണ് ലേസര്‍ ബോംബുകള്‍. സ്മാര്‍ട് ബോംബുകളെന്നും ഇവ അറിയപ്പെടുന്നു.

ലേസര്‍ ഉപയോഗിച്ചു ലക്ഷ്യ സ്ഥാനം നിശ്ചയിച്ചുകളിഞ്ഞാല്‍ ആ ലേസര്‍ പാത പിന്തുടര്‍ന്നാണ് ബോംബ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുക. ഇത്തരത്തില്‍ ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ലേസര്‍ നിയന്ത്രിത ബോംബ് ആണ് സുദര്‍ശന്‍.

ഇന്ത്യയുടെ സ്വന്തം ‘സുദര്‍ശന്‍’

2006ലാണ് സുദര്‍ശന്‍ ലേസര്‍ ബോംബിന്റെ ആദ്യ രൂപരേഖ തയ്യാറാക്കിയത്. 2010 ല്‍ സുദര്‍ശന്‍ ആദ്യമായി പരീക്ഷിച്ചു. 450 കിലോഗ്രാം ഭാരമുള്ള ബോംബ് ആണിത്. ഒമ്ബത് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഇത് ഉപയോഗിക്കാം. മിഗ്29, സുഖോയ്30, മിറാഷ് പോലുള്ള വിമാനങ്ങളില്‍ ഇത് ഘടിപ്പിക്കാവുന്നതാണ്.

ഇന്ത്യന്‍ കരസേനയുടെ പീരങ്കിപ്പടയും ഇന്ത്യന്‍ നാവികസേനയും സുദര്‍ശന്‍ നിയന്ത്രിത ബോംബുകള്‍ ഉപയോഗിക്കുന്നുണ്ട്.

ലേസര്‍ നിയന്ത്രിത ബോംബുമായി ബന്ധപ്പെട്ട് ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഇപ്പോള്‍ വരുംതലമുറ ലേസര്‍ ബോബുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. യുദ്ധവിമാനത്തില്‍ നിന്നും വേര്‍പെട്ട ശേഷം ഒമ്ബത് കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താനുള്ള ശേഷിയാണ് ഇപ്പോള്‍ സുദര്‍ശന്‍ ബോംബിനുള്ളതെങ്കില്‍ ഇത് 50 കിലോമീറ്റര്‍ ആക്കി വര്‍ധിപ്പിക്കാനാണ് എഡിഇയുടെ ശ്രമം.