ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി

single-img
26 February 2019

ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന മുന്നറിയുപ്പുമായി പാക്കിസ്ഥാന്‍. പാക് പ്രധാനമന്ത്രി വിദേശകാര്യമന്ത്രിയെയും സേനാ മേധാവിയെയും കണ്ടു. അടിയന്തര കാബിനറ്റ് യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

അതിനിടെ, ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ഇതിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കും. സ്വയം പ്രതിരോധത്തിനു പാക്കിസ്ഥാന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു.

അതേസമയം, ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ കണ്ണില്‍ പെടാതെ 50 മൈല്‍ ഉള്ളില്‍ കടന്നെത്തിയാണ് ഭീകരതാവളങ്ങള്‍ ആക്രമിച്ചതെന്നു റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ നിരവധി ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബാലാക്കോട്ടിലെത്തിയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ജയ്‌ഷെ മേധാവി മസൂദ് അസറും സഹോദരന്‍ ഇബ്രാഹിമും ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ പാക് അധീന കശ്മീരിലെ ചകോതിയിലും മുസാഫറാബാദിലും മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തി. പാക്കിസ്ഥാനില്‍നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ജയ്‌ഷെ ക്യാമ്പുകളില്‍ വന്‍പ്രഹരമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.