കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് പാകിസ്ഥാൻ്റെ ആകാശത്ത് പറന്നു; കൂടെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഡ്രോണുകളും

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി ലംഘിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 200 മുതല്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകള്‍ ആക്രമിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണം 21 മിനുട്ട് നീണ്ടുനിന്നു.

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത്. മിറാഷ് പോര്‍വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഡ്രോണുകളും ആക്രമണത്തില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി.

പാകിസ്ഥാന്‍ സൈന്യം തിരിച്ചടിക്ക് കോപ്പുകൂട്ടും മുമ്പു തന്നെ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തി. സൈനിക നടപടി നൂറുശതമാനവും പൂര്‍ണ വിജയമായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണസജ്ജമാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വ്യോമസേന പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി.  സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.