‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍; എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്’: ബാബു ആന്റണി

single-img
26 February 2019

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം.

‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍.. എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’–ബാബു ആന്റണി കുറിച്ചു.

നേരത്തെ, ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള്‍ 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.

ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനംകൊള്ളുന്നുവെന്നും ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്നും അക്ഷയ് കുമാര്‍ കുറിച്ചു. ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്നായിരുന്നു സാമന്തയുടെ പ്രതികരണം. മികച്ചവരുമായി പോരിന് വന്നാല്‍ മറ്റുള്ളവരെ പോലെ മരിക്കാം–അജയ് ദേവ്ഗണ്‍ കുറിച്ചു. ‘എത്ര നല്ല പ്രഭാതം, നന്ദി നരേന്ദ്രമോദി സാര്‍, സല്യൂട്ട് ഇന്ത്യന്‍ ആര്‍മി’–പരേഷ് റാവല്‍ ട്വീറ്റ് ചെയ്തു.

‘പിള്ളേര്‍ നന്നായി കളിച്ചു’ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പിന്നാലെ ഗംഭീറിന്റെ ട്വീറ്റുമെത്തി. ‘ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമസേന’ എന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സല്യൂട്ട് എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.

അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ കണ്ണില്‍ പെടാതെ 50 മൈല്‍ ഉള്ളില്‍ കടന്നെത്തിയാണ് ഭീകരതാവളങ്ങള്‍ ആക്രമിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്.

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.