പാക് ചാര റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ വ്യോമസേന പറന്നുകയറിയത് 50 മൈല്‍; ഉപയോഗിച്ചത് ലേസര്‍ നിയന്ത്രിത ബോംബുകള്‍

single-img
26 February 2019

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്.

മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ കണ്ണില്‍ പെടാതെ 50 മൈല്‍ ഉള്ളില്‍ കടന്നെത്തിയാണ് ഭീകരതാവളങ്ങള്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ നിരവധി ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബാലാക്കോട്ടിലെത്തിയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്.

ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യന്‍ സേന ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലമായി ഇന്ത്യന്‍ സൈനത്തിന് മുതല്‍കൂട്ടാണ് ലേസര്‍ നിയന്ത്രിത ബോംബുകള്‍. നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ജയ്‌ഷെ മേധാവി മസൂദ് അസറും സഹോദരന്‍ ഇബ്രാഹിമും ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ പാക് അധീന കശ്മീരിലെ ചകോതിയിലും മുസാഫറാബാദിലും മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തി. ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ജയ്‌ഷെ ക്യാമ്പുകളില്‍ വന്‍പ്രഹരമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കാര്‍ഗില്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്ത ലേസര്‍ നിയന്ത്രിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എന്നാല്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ലേസര്‍ ബോംബുകളാണ് ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡി.ആര്‍.ഡി.ഓ.) എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ഇ.)വികസിപ്പിച്ച സുദര്‍ശന്‍ ബോംബുകളായിരിക്കണം പാക് ഭീകരകേന്ദ്രങ്ങളില്‍ നാശം വിതച്ചത്.

1960 കളില്‍ അമേരിക്കയാണ് ലേസര്‍ നിയന്ത്രിത ബോംബുകള്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് റഷ്യയും, ഫ്രാന്‍സും, ബ്രിട്ടനും അവ സ്വന്തമായി വികസിപ്പിച്ചെടുത്തു. സാധാരണ ബോംബുകളേക്കാള്‍ കൃത്യതയില്‍ ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ ശേഷിയുള്ളവയാണ് ലേസര്‍ ബോംബുകള്‍. സ്മാര്‍ട് ബോംബുകളെന്നും ഇവ അറിയപ്പെടുന്നു.

ലേസര്‍ ഉപയോഗിച്ചു ലക്ഷ്യ സ്ഥാനം നിശ്ചയിച്ചുകളിഞ്ഞാല്‍ ആ ലേസര്‍ പാത പിന്തുടര്‍ന്നാണ് ബോംബ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുക. ഇത്തരത്തില്‍ ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ലേസര്‍ നിയന്ത്രിത ബോംബ് ആണ് ‘സുദര്‍ശന്‍’.

2006ലാണ് സുദര്‍ശന്‍ ലേസര്‍ ബോംബിന്റെ ആദ്യ രൂപരേഖ തയ്യാറാക്കിയത്. 2010 ല്‍ സുദര്‍ശന്‍ ആദ്യമായി പരീക്ഷിച്ചു. 450 ഗ്രാം ഭാരമുള്ള ബോംബ് ആണിത്. ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഇത് ഉപയോഗിക്കാം. മിഗ്29, സുഖോയ്30, മിറാഷ് പോലുള്ള വിമാനങ്ങളില്‍ ഇത് ഘടിപ്പിക്കാവുന്നതാണ്.

ഇന്ത്യന്‍ കരസേനയുടെ പീരങ്കിപ്പടയും ഇന്ത്യന്‍ നാവികസേനയും സുദര്‍ശന്‍ നിയന്ത്രിത ബോംബുകള്‍ ഉപയോഗിക്കുന്നുണ്ട്. ലേസര്‍ നിയന്ത്രിത ബോംബുമായി ബന്ധപ്പെട്ട് ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഇപ്പോള്‍ വരുംതലമുറ ലേസര്‍ ബോബുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. യുദ്ധവിമാനത്തില്‍ നിന്നും വേര്‍പെട്ട ശേഷം ഒമ്പത് കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താനുള്ള ശേഷിയാണ് ഇപ്പോള്‍ സുദര്‍ശന്‍ ബോംബിനുള്ളതെങ്കില്‍ ഇത് 50 കിലോമീറ്റര്‍ ആക്കി വര്‍ധിപ്പിക്കാനാണ് എഡിഇയുടെ ശ്രമം.