21 മിനിറ്റില്‍ ജയ്‌ഷെയുടെ കണ്‍ട്രോള്‍ റൂമുകള്‍ ചാമ്പലാക്കി മിറാഷുകള്‍ സുരക്ഷിതമായി തിരിച്ചെത്തി: അന്തംവിട്ട് പാക്കിസ്ഥാന്‍

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ഭീകരതാവളങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ബോംബ് വര്‍ഷത്തില്‍ തകര്‍ന്നു. ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ആയിരുന്നു ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടന വസ്തുക്കള്‍ വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. ആക്രമണം നടത്തി 21 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചെത്തി.

ആദ്യമായാണ് പാക്കിസ്ഥാനില്‍ കടന്നുകയറി ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നത്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിലും മറ്റും പാക് അധീന കാഷ്മീരില്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനില്‍ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തി. യുദ്ധ വിമാനങ്ങള്‍ക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തെന്ന് സൈന്യം പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 137 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് വായുശക്തി എന്ന പേരില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പങ്കെടുത്തിരുന്നു. ഇതില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാന്‍ ഉപയോഗിച്ചത്.

ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.