തിരുവനന്തപുരം വിമാനത്താവളവും അദാനി ഗ്രൂപ്പിന്

single-img
25 February 2019

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം 28നുണ്ടാകും.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ലേലത്തില്‍ രണ്ടാമതെത്തിയത്. ജി.എം.ആര്‍. ഗ്രൂപ്പ് മൂന്നാമതും എത്തി. യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയതിനാല്‍ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു.

തിരുവനന്തപുരം, മംഗളൂരു ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്. ഇതില്‍ അഞ്ചു വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നില്‍. ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേലനടപടികള്‍ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് തത്കാലത്തേക്ക് റദ്ദാക്കി.

രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഈ നീക്കത്തെ എതിര്‍ത്തെങ്കിലും പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരില്‍ ബിഡില്‍ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി.

എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതല്‍ തുക നിര്‍ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കില്‍പോലും തുക വര്‍ധിപ്പിക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം.

വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുമേഖലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുകയാണെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആരോപണം. ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും അവര്‍ ആരോപിക്കുന്നു.