ഋഷഭ് പന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; ധോണിക്കും ഉമേഷിനും ‘പൊങ്കാല’

single-img
25 February 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയിലേക്കു നയിച്ചതില്‍ ആര്‍ക്കാണു പങ്കു കൂടുതലെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. താരതമ്യേന റണ്ണൊഴുക്കു കുറഞ്ഞ മല്‍സരത്തില്‍ അവസാന പന്തിലാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചത്.

തോല്‍വിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. എംഎസ് ധോണിയുടെ മെല്ലപ്പോക്ക് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയപ്പോള്‍ ഋഷഭ് പന്തിന്റെ അനാവശ്യ റണ്‍ ഔട്ടും ചര്‍ച്ചയായി. നാലാമനായിറങ്ങി അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത പന്ത് 10ാം ഓവറിലാണ് റണ്‍ ഔട്ടായത്.

സ്പിന്നര്‍ ഡാര്‍സി ഷോട്ടിന്റെ പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ച പന്തിനെ ബെഹ്‌റന്‍ഡോര്‍ഫ് ഹാന്‍ഡ്‌സ്‌കോമ്പ് സഖ്യം റണ്‍ ഔട്ടാക്കുകയായിരുന്നു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതില്‍ പന്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

സിംഗിളുകള്‍ നഷ്ടപ്പെടുത്തിയതിനാണ് എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. മത്സരത്തില്‍ എട്ട് സിംഗിളുകളാണ് ധോണി നഷ്ടപ്പെടുത്തിയത്. ഇന്ത്യ ചെറിയ സ്‌കോര്‍ നേടിയതിന് പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ ഈ വേഗക്കുറവായിരുന്നു എന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ഒരു സിക്‌സടക്കം 37 പന്തില്‍ 29 റണ്‍സ് മാത്രമാണ് വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ധോണി നേടിയത്.

ഇന്ത്യ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളര്‍മാര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി വെട്ടിക്കൊടുത്തതാണ്. എന്നാല്‍, ഉമേഷ് യാദവ് ബോള്‍ ചെയ്ത അവസാന ഓവറില്‍ സകലതും കൈവിട്ടുപോയി.

ബോളര്‍മാരായ പാറ്റ് കമ്മിന്‍സും ജൈ റിച്ചാര്‍ഡ്‌സനും ക്രീസില്‍ നില്‍ക്കെ ഓസീസിനെ വിജയത്തില്‍നിന്ന് അകറ്റാന്‍ അവസാന ഓവര്‍ ബോള്‍ ചെയ്ത ഉമേഷ് യാദവിനു പ്രതിരോധിക്കേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. ഓസ്‌ട്രേലിയക്കാര്‍ പോലും തോല്‍വി ഉറപ്പിച്ചിടത്ത് ഉമേഷ് യാദവ് ധാരാളിത്തം കാട്ടിയതോടെയാണ്, ഓസീസ് വിജയം പിടിച്ചത്. നാല് ഓവറില്‍ 35 റണ്‍സാണ് ഉമഷ് വിട്ടുകൊടുത്തത്. ഉമേഷ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികളാണ് മാക്‌സ്‌വല്‍ കണ്ടെത്തിയത്.