ഇന്ത്യ വളരണം, ഞങ്ങൾ കൂടെയുണ്ട്; ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി അറേബ്യ

single-img
25 February 2019

സംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍. അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്നും  അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പെട്രോ കെമിക്കല്‍ മേഖലയില്‍ വന്‍ മുന്നേറ്റത്തിന് അത് ഇടയാക്കുമെന്നും സൗദി ധനകാര്യ മന്ത്രി സൂചിപ്പിച്ചു.

തന്റെ രാജ്യം ഇന്ത്യയുടെ വളര്‍ച്ചയെ നോക്കി കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ത്യയുടെ ഓരോ ഘട്ടത്തിലുള്ള വളർച്ചയിലും സൗദിഅറേബ്യ സന്തോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈറും സംഘത്തിലുണ്ടായിരുന്നു.

കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യതകളും ഇന്ത്യക്ക് മുന്നിലുണ്ട്. റീജണല്‍ ഹബ്ബ് ഇന്ത്യയില്‍ തുടങ്ങുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തും. മഹാരാഷ്ട്രയില്‍ റിഫൈനറി സ്ഥാപിക്കുന്നതിന് സൗദി അരാംകോ 44 ബില്യന്‍ യുഎസ് ഡോളറിന്റെ പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയായിരിക്കും അതെന്നും സൗദി മന്ത്രി പറഞ്ഞു.