മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: കെ സുരേന്ദ്രൻ കേസ് പിന്‍വലിക്കുന്നു

single-img
25 February 2019

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പിന്മാറുന്നു. ഇതിനുവേണ്ടി കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ കോടതിയിൽ നൽകുമെന്ന് സുരേന്ദ്രൻ അറിയിച്ചു. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.

കേസ് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിൻവലിച്ചതെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. 67 സാക്ഷികളുണ്ടെങ്കിൽ മാത്രമേ കേസ് ജയിക്കാനാകൂ. സാക്ഷികളെ സിപിഎമ്മും മുസ്‍ലിം ലീഗും ചേർന്ന് ഇല്ലാതാക്കിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിൻവലിച്ചതെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണു സുരേന്ദ്രന്റെ വാദം. 86 വോട്ടിന്റെ വ്യത്യാസത്തിലാണ് സുരേന്ദ്രൻ മഞ്ചേശ്വരത്തു തോറ്റത്.

പി.ബി.അബ്ദുൽ റസാഖ് മരിച്ച പശ്ചാത്തലത്തിൽ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. എന്നാൽ കേസിൽനിന്നു പിന്മാറാനില്ലെന്ന നിലപാടാണ് അന്ന് സുരേന്ദ്രൻ സ്വീകരിച്ചത്.