ചെെനാ അതിർത്തിയിൽ വച്ച് മേജറായിരുന്ന ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ സൈന്യത്തില്‍ ചേരാന്‍ തീരുമാനമെടുത്ത് ഗൗരി; പരീക്ഷകളിൽ ഒന്നാമതായി ഇനി പരിശീലനത്തിലേക്ക്

single-img
25 February 2019

മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേരാന്‍ തീരുമാനമെടുത്ത് ഗൗരി പ്രസാദ് മഹാദി. എസ്.എസ്.ബി. പരീക്ഷയില്‍ മികച്ചവിജയം നേടി സൈനിക പ്രവേശനത്തിനൊരുങ്ങുനളന ഗൗരിയെ രാജ്യം മുഴുവന്‍ സല്യൂട്ട് ചെയ്യുകയാണ്.

രണ്ടുവര്‍ഷം മുമ്പ്  ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ഗൗരിയുടെ ഭര്‍ത്താവ് മേജര്‍ പ്രസാദ് ഗണേഷ് മരണപ്പെട്ടത്. രണ്ടുവർഷത്തിനിപ്പുറം തൻ്റെ ഉറച്ച തീരുമാനം നടപ്പാക്കിക്കൊണ്ട് രാജ്യത്തിന്റെ മുഴുവന്‍ പ്രശംസപിടിച്ചുപറ്റി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ഗൗരി.

അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്ന ഗൗരി ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ആ തീരുമാനമെടുക്കുന്നത്. മേജര്‍ പ്രസാദ് ഗണേഷ് മരണപ്പെടുമ്പോള്‍ മുംബൈയില്‍ ജോലിചെയ്യുകയായിരുന്നു ഗൗരി. തന്നെക്കാള്‍ രാജ്യത്തെയും സൈന്യത്തെയും സ്‌നേഹിച്ച ഭര്‍ത്താവിന് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി അതുതന്നെയാകുമെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ച ഗൗരി ഇപ്പോള്‍ തന്റെ ആഗ്രഹത്തിന്റെ ആദ്യപടി പൂര്‍ത്തികരിച്ചിരിക്കുകയാണ്. എസ്എസ്ബി പരീക്ഷയില്‍ മികച്ച ജയം നേടിയാണ് ഗൗരി സൈനികപ്രവേശനത്തിനൊരുങ്ങുന്നത്. ആദ്യശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാംതവണ പരീക്ഷയില്‍ മികച്ച വിജയംനേടി. വിധവകളുടെ വിഭാഗത്തിലാണ് പരീക്ഷ എഴുതിയതെങ്കിലും 16 പരീക്ഷാര്‍ഥികളില്‍ ഒന്നാമതായി വിജയിക്കുകയായിരുന്നു.

സൈന്യത്തിന്റെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയാല്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് റാങ്കോടെയാകും ഗൗരിയുടെ നിയമനം. `’ഞാന്‍ എപ്പോഴും സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മരണശേഷം സൈന്യത്തില്‍ ചേരാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ യൂണിഫോം ധരിക്കും, എന്റെയും അദ്ദേഹത്തിന്റെയും യൂണിഫോം. ഇനിയിത് ഞങ്ങളുടെ യൂണിഫോമാണെന്നും ഗൗരി വ്യക്തമാക്കി.