കേരളത്തിൽ 55 ദിവസത്തിനിടെ 567 തീപിടുത്തങ്ങൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ഉപഗ്രഹങ്ങൾ

single-img
25 February 2019

കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ചെറുതും വലുതുമായി 567 തീപിടുത്തങ്ങളാണുണ്ടായെന്നു കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ മാത്രം മൂന്ന് ഇടങ്ങളിലാണ് തീ പിടിത്തമുണ്ടായത്. ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത് ഉപഗ്രഹങ്ങളിൽ  പതിഞ്ഞ ചിത്രങ്ങളാണ്.

വേനല്‍ ശക്തമാകുന്നതിനൊപ്പം കേരളത്തില്‍ തീപിടുത്ത ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം കൊച്ചിയെ തന്നെ പുകനിറച്ചു. നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ് (LANCE FIRMS), യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് സെന്റിനല്‍ എന്നിവയില്‍ നിന്നു ജനുവരി ഒന്നു മുതല്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണു തീപിടിത്തങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയത്. മനോരമയാണ് കണക്ക് പുറത്തുവിട്ടത്.

വാഷിങ്ടന്‍ കേന്ദ്രമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ പ്രോജക്ട് അസോഷ്യേറ്റായ രാജ് ഭഗത് ആണ് ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തി പ്രത്യേക മാപ്പ് തയാറാക്കിയത്.

ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്തമുണ്ടായത്. 190 സ്ഥലങ്ങളില്‍ ജില്ലയില്‍ തീപിടിച്ചു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 118. തൃശൂര്‍, വയനാട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കക്കി റിസര്‍വോയറിനു സമീപം കാടിനുള്ളില്‍ 23 ന് ചെറിയ തോതില്‍ തീ പടരുന്നതായി ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പരിസരവാസികള്‍ക്കോ അഗ്‌നിശമനസേനയ്‌ക്കോ വിവരമില്ല. പലപ്പോഴും കാടുകള്‍ക്കുള്ളിലുണ്ടാകുന്ന ഒറ്റപ്പെട്ട തീപിടിത്തങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ വരാറില്ല, എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ ഇവ വ്യക്തമായിരിക്കും.

കേരളത്തിനു പുറത്തു ബന്ദിപ്പൂരിലും കന്യാകുമാരിയിലും തീപിടിത്തസ്ഥലങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഓരോ ദിവസത്തെയും 4 ഉപഗ്രഹചിത്രങ്ങള്‍ വീതമാണു വിലയിരുത്തിയത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഒറ്റ മാപ്പിലേക്കു ചേര്‍ത്തു. മള്‍ട്ടി സ്‌പെക്ട്രല്‍ സംവിധാനമുള്ള ഉപഗ്രഹങ്ങള്‍ക്കു ഭൂമിയില്‍ ഓരോ ഭാഗത്തും തീ മൂലം താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയും.