ഇലക്ട്രിക് ബസ് ഉദ്ഘാടന ദിവസം തന്നെ പാതിവഴിയില്‍ ചാര്‍ജില്ലാതെ നിന്നു

single-img
25 February 2019

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തലയില്‍ ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു.

ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ബസ് നിന്നുപോയത്. യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം.

അതേസമയം ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതു വേണ്ടത്ര ഒരുക്കങ്ങളില്ലാതെയെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. വേണ്ടത്ര ചാര്‍ജിങ് പോയിന്റുകള്‍ ഒരുക്കാതെയാണു ഹ്രസ്വദൂര യാത്രകള്‍ക്കു യോജിച്ച ഇത്തരം ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്താനായി കെഎസ്ആര്‍ടിസി തിരഞ്ഞെടുത്തതെന്നാണ് ആക്ഷേപം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചും 5 വീതം സര്‍വീസുകളാണു തിരക്കുളള രാവിലെയും വൈകിട്ടും നടത്തുക. ബാക്കി സമയം ബസുകള്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സര്‍വീസ് നടത്തും.

ബസുകള്‍ക്കായി ഹരിപ്പാടും ആലപ്പുഴയിലും ചാര്‍ജിങ് പോയിന്റുകളുണ്ടെന്നാണു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ യാത്രാമധ്യേ ഒരു ജാഥയോ ഗതാഗതക്കുരുക്കോ വന്നാല്‍ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ബസ് വഴിയില്‍ കിടക്കുമോയെന്ന ആശങ്ക ജീവനക്കാര്‍ പങ്കുവെച്ചിരുന്നു. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂറോളം സമയം വേണം. എറണാകുളത്ത് തേവര ഡിപ്പോയില്‍ ചാര്‍ജിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എറണാകുളം ഡിപ്പോയില്‍ ഒരു ചാര്‍ജിങ് പോയിന്റ് ഉണ്ടെങ്കിലും ജോലികള്‍ ബാക്കിയുണ്ട്.