ഈ കറാച്ചിക്ക് പാകിസ്താനിലെ കറാച്ചിയുമായി യാതൊരു ബന്ധവുമില്ല; ബെംഗളുരുവിലെ `കറാച്ചി´ ബേക്കറിക്ക് നേരെയുള്ള സംഘപരിവാർ അക്രമണത്തെ തുടർന്ന് അധികൃതരുടെ വിശദീകരണം

single-img
25 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തിൻ്റെ പേരുള്ള ബെംഗളുരുവിലെ ബേക്കറിക്ക് നേരെ വ്യാപക പ്രതിഷേധം. കറാച്ചി എന്ന് പേരുള്ള ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിൻ്റെ നേതൃത്വത്തിൽ  പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബേക്കറി നേരിട്ട് ട്വിറ്ററിലുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.

കറാച്ചിക്ക് പാകിസ്താന്‍ നഗരമായ കറാച്ചിയുമായി യാതൊരു ബന്ധവുമില്ലെന്ന് ട്വിറ്ററില്‍ ബേക്കറി അധികൃതര്‍ വ്യക്തമാക്കി. ഹൃദയം കൊണ്ട് കറാച്ചി ബേക്കറിയുടെ അന്തസത്ത ഇന്ത്യനാണ്, അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. മറ്റെന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും ബേക്കറി അധികൃതര്‍ ആവശ്യപ്പെട്ടു.

ബെംഗളരുവിലെ ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലെ ബേക്കറിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ ബേക്കറിക്ക് മുന്നിലെ കറാച്ചി എന്നെഴുതിയ ബോര്‍ഡ് ജീവനക്കാര്‍ നീക്കി. കൂടാതെ ബേക്കറിക്ക് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി ബേക്കറി ഉടമ പറഞ്ഞു. ഇതിനു പിന്നാലെയാണ് വീണ്ടും വിശദീകരണം ബേക്കറി നേരിട്ട് നല്‍കിയിരിക്കുന്നത്.

ഇന്ത്യാ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറി താമസിച്ച ഖാന്‍ ചന്ദ് രാംനനി എന്നയാളാണ് കറാച്ചി ബേക്കറി ആരംഭിച്ചത്. ഫ്രൂട്ട് ബിസ്‌കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി. ആദ്യത്തെ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെട്ടത് ഹൈദരാബാദിലെ മൗസം ജാഹി മാര്‍ക്കറ്റിലായിരുന്നു.