യു.എ.ഇയിലെ പ്രണയ തടാകം

single-img
24 February 2019

യു.എ.ഇ മരുഭൂമിയുടെ ഒത്തനടുവിലാണ് ഈ പ്രണയതടാകം. പേരില്‍ പ്രണയമുണ്ടെന്ന് കരുതി പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്.

രണ്ട് മരക്കൊമ്പുകള്‍ക്കു നടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും ഉള്‍പ്പെടെ 150ലധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. മാത്രമല്ല നിരവധി ദേശാടനപ്പക്ഷികളും ഇവിടെയെത്താറുണ്ട്.

സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളും ഉള്‍പ്പെടെയുള്ള മത്സ്യങ്ങളും ഇവിടെയുണ്ട്. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതി സൗഹാര്‍ദ ഇരിപ്പിടങ്ങളുമുണ്ട്.

ബാര്‍ബെക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും തടാകത്തോട് ചേര്‍ന്ന് നിരവധി മരങ്ങളും പ്രണയതടാകത്തിന്റെ പ്രത്യേകതകളാണ്. അല്‍ ഖുദ്ര തടാകത്തിനടുത്തുനിന്ന് 10 മിനിട്ട് അല്‍ സലാം മരുഭൂമിയിലൂടെ യാത്രചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികില്‍ എത്തിച്ചേരാം.

16,000 ഒലീവ് മരങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിദ്ധ്യമായ ഗാഫ് മരമുള്‍പ്പെടെ പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്.