മാര്‍വാഡി കൊള്ള സംഘത്തിന്‍റെ കുരയ്ക്കുന്ന പട്ടി; സച്ചിനെ രാജ്യദ്രോഹിയാക്കിയ അർണാബ് ഗോസ്വാമിക്കെതിരെ സംഘപരിവാർ പ്രവർത്തകരും

single-img
24 February 2019

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ സച്ചിൻ ആരാധകരായ കേരളത്തിലെ സംഘപരിവാർ പ്രവർത്തകരും. അർണബിന് എതിരെ  കഴിഞ്ഞദിവസം മുതൽ സോഷ്യല്‍ മീഡിയയില്‍ ‘പൊങ്കാല’ നടന്നുകൊണ്ടിരിക്കുകയാണ്.

റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്. ‘ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്താനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്. ഗവാസ്‌കറാണ് ഇക്കാര്യം രണ്ടാമത് പറയേണ്ടത്. ഇവര്‍ രണ്ട് പേരും പറയുന്നത് നമുക്ക് രണ്ട് പോയന്റ് വേണമെന്നാണ്.

രണ്ട് പേരുടേയും നിലപാട് തെറ്റാണ്. നമുക്ക് രണ്ട് പോയന്റിന്റെ ആവശ്യമില്ല, മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. സച്ചിന് രണ്ട് പോയന്റുകളുണ്ടാക്കി അത് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാം.’ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യാവിരുദ്ധരുമായ രണ്ട് കൂട്ടരാണ് നിലവില്‍ രാജ്യത്തുള്ളവരെന്നും അര്‍ണബ് പറഞ്ഞു.

ഇതിനുപിന്നാലെയാണ് കേരളത്തിലെ സച്ചിൻ ആരാധകരായ സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടെ അർണാബിനെതിരെ രംഗത്തെത്തിയത്. `മാര്‍വാഡി കൊള്ള സംഘത്തിന്‍റെ കുരയ്ക്കുന്ന പട്ടി´ എന്നാണ് ചിലർ ഫേസ്ബുക്ക് പോസ്റ്റിലൂടെ  അർണാബ് ഗോസ്വാമിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

അര്‍ണബ് ഗോസ്വാമിക്കെതിരെ നിരവധി ട്രോളുകളാണ് വരുന്നത്. ഇതോടൊപ്പം നിരവധി നേതാക്കളും അര്‍ണബിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.