രാജ്യത്തിനു തന്നെ മാതൃകയായി കേരളത്തിലെ മരുന്നുനിർമാണ രംഗം; ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ലാഭത്തില്‍ എത്തിയതിനു പിന്നാലെ രോഗികൾക്ക് സൗജന്യ നിരക്കിൽ മരുന്നുകളും

single-img
24 February 2019

മരുന്ന് നിര്‍മ്മാണ രംഗത്തെ കേരളാ മോഡലായ കേരള സ്റ്റേറ്റ്  ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ കെഎസ്ഡിപി ലാഭത്തിൽ പ്രവർത്തിക്കുന്നതായി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.  കമ്പനി ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ലാഭത്തില്‍ എത്തിയിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം 2.87 കോടി രൂപ അറ്റ ലാഭത്തിലേക്ക് ഈ പൊതുമേഖലാ മരുന്നു നിര്‍മ്മാണശാല എത്തി. വിറ്റുവരവ് 42.38 കോടി രൂപയായി വര്‍ദ്ധിപ്പിക്കുവാനും സാധിച്ചതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നല്‍കിയ പുതുജീവനിലൂടെയാണ് കെഎസ്ഡിപി ലാഭത്തില്‍ എത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഈ പ്ലാന്റില്‍ നിന്ന് വര്‍ഷത്തില്‍ 181 കോടി ടാബ് ലറ്റും, 5.03 കോടി കാപ്‌സ്യൂളുകളും, 1.08 കോടി യൂണിറ്റ് ലിക്വിഡും ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി കെഎസ്ഡിപിയെ പ്രധാന മരുന്നു നിര്‍മ്മാണ ശാലയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായുളള നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. 2017ല്‍ തുടക്കമിട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് ഉത്പാദനത്തിന് സജ്ജമായത്.

അവയവമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കുള്ള അഞ്ച് ഇനങ്ങളിലുള്ള 11 തരം മരുന്നുകളില്‍ എട്ട് എണ്ണം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ബാക്കി മൂന്ന് എണ്ണവും, സോഫ്റ്റ് ജലാറ്റിന്‍ ഇനത്തില്‍പ്പെട്ട ക്യാപ്‌സ്യൂളും ഇവിടെ ഉടന്‍ ഉത്പ്പാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.