എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദ്ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു

single-img
24 February 2019

എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.

പൂരത്തിനിടെ അടപ്പുട്ടി സ്വദേശിയായ യുവാവ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനെത്തിയ ആനയുടെ പാപ്പാനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പാപ്പാന്‍ ചെന്നുവീണത് ആനയുടെ കാലിലായിരുന്നു. ഇതോടെ ഇടഞ്ഞ ആന ചിന്നംവിളിച്ച് തിരിഞ്ഞോടുകയായിരുന്നു.

ഇത് കണ്ടു പരിഭ്രാന്തരായ ജനങ്ങളും ചിതറിയോടി. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ത്രിവേണി ആഘോഷ കമ്മിറ്റിയുടെ കൊമ്പന്‍ പരമേശ്വരന്റെ പാപ്പാനാണ് മര്‍ദ്ദനമേറ്റത്. പാപ്പാനെ ആക്രമിച്ച യുവാവിനെ പിന്നിട് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.